കുറവിലങ്ങാട്: ഉഴവൂർ കരുനെച്ചിയിൽ ആറാംക്ലാസ് വിദ്യാർഥിനിയെ കഴുത്തിൽ തോർത്ത് മുറുക്കി അമ്മ കൊലപ്പെടുത്തി. കരുനെച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന കാനാത്തിൽ എം.ജി കൊച്ചുരാമൻ സാലി ദന്പതികളുടെ മകൾ സൂര്യ രാമനെ(11)യാണ് കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെടുത്തി അമ്മ സാലി (43)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മാനിസാസ്വാസ്ഥ്യമുള്ളതായി പോലീസ് പറയുന്നു.
അരീക്കര ശ്രീനാരായണ യുപി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയായ സൂര്യയെ ബുധനാഴ്ച അമ്മ സ്കൂളിൽ വിട്ടിരുന്നില്ല. സൂര്യയുടെ മൂത്തസഹോദരൻ ഏഴാംക്ലാസ് വിദ്യാർഥിയായ സ്വരൂപ് സ്കൂളിൽ നിന്ന് മടങ്ങിയെത്തിയതോടെ സഹോദരിയെ അന്വേഷിച്ചെങ്കിലും ഉറങ്ങുകയാണെന്ന മറുപടിയാണ് അമ്മ നൽകിയത്.
സൂര്യകിടന്ന മുറിയിൽ കയറാൻ അമ്മ അനുവദിക്കാതെ വന്നതോടെ വാടകവീടിന്റെ ഉടമസ്ഥന്റെ വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുടമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വിളിച്ചുവരുത്തി വാടകവീട്ടിലെത്തി കുട്ടിയെ അന്വേഷിച്ചപ്പോൾ അവളെ കൊലപ്പെടുത്തിയെന്ന് അമ്മ വെളിപ്പെടുത്തി.
ഉടൻ കുട്ടിയെ ഉഴവൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെത്തിച്ചു. ഉഴവൂരിൽ വർഷങ്ങളായി വാടയ്ക്ക് താമസിക്കുകയാണ് കുഞ്ഞപ്പനും സാലിയും മക്കളും.