മദ്യക്കുപ്പിയുടെ അടപ്പിൽ പതിപ്പിച്ചിരുന്ന ബാർകോഡിൽനിന്നു കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്. ഹൈദരാബാദിലെ രചകൊണ്ട പോലീസാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ മാസം 29-ന് കീസര പോലീസ് സ്റ്റേഷൻ പരിധിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. ദിവസങ്ങൾ പഴക്കമുള്ളതായിരുന്നു മൃതദേഹം. ബി.ശ്രീനിവാസ് എന്ന യുവാവിന്റെയാണു മൃതദേഹമെന്നു പിന്നീട് തിരിച്ചറിഞ്ഞു. ഡിസംബർ 27-ന് രാത്രിയാണ് ശ്രീനിവാസ് കൊല്ലപ്പെടുന്നത്. മൃതദേഹം കണ്ടെത്തുന്നത് ഒരു മാസത്തിനുശേഷവും.
മൃതദേഹം കണ്ടെത്തിയതിന് അടുത്തുനിന്നു പോലീസ് ഒരു വിസ്കി കുപ്പിയുടെ അടപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ രേഖപ്പെടുത്തിയിരുന്ന ബാർ കോഡിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പോലീസിനെ പുദുർ എക്സ് റോഡിലെ മദ്യ വിതരണശാലയിൽ എത്തിച്ചു.
കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ശ്രീനിവാസ് മറ്റു രണ്ടു പേർക്കൊപ്പം മദ്യം വാങ്ങി മടങ്ങുന്നതായി കണ്ടെത്തി. ബൈക്കിലാണ് ഇവർ മടങ്ങിയത്. ഇതോടെ ബൈക്കിൽ ശ്രീനിവാസിന് ഒപ്പമുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനിവാസിന്റെ ഭാര്യയുടെ അമ്മാവനും സുഹൃത്തുമായിരുന്നു ഒപ്പമുണ്ടായിരുന്നത്.
ഇവരെ ചോദ്യം ചെയ്തതിൽനിന്നു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. മദ്യപിച്ച് അബോധാവസ്ഥയിലായ ശ്രീനിവാസിനെ ധർമാരാമിലെ വനമേഖലയിൽ കൊണ്ടുപോയി കല്ലിനിടിച്ചു കൊലപ്പെടുത്തിയെന്ന് ഇവർ സമ്മതിച്ചു. ഇതിനുശേഷം മൃതദേഹം കത്തിക്കുകയായിരുന്നു.
ശ്രീനിവാസിന്റെ ഭാര്യ സ്വപ്നയ്ക്കും മാതാപിതാക്കൾക്കും വേണ്ടിയാണ് കൊല നടത്തിയതെന്ന് ഇരുവരും മൊഴി നൽകി. സ്വപ്നയുടെ മാതാപിതാക്കൾ ഇവർക്ക് 25,000 രൂപ നൽകുകയും ചെയ്തു. ജോലിക്കു പോകാതിരിക്കുകയും ഭാര്യയെ മർദിക്കുകയും ചെയ്യുന്നതാണ് കൊലയ്ക്കു പ്രേരകമായത്. സ്വപ്നയെയും മാതാപിതാക്കളെയും പോലീസ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തു.