ഗോഹട്ടി: ആസാമിൽ പോലീസുകാർ നോക്കിനിൽക്കെ അമ്മയെയും മകനെയും ആൾക്കൂട്ടം അടിച്ചുകൊന്നു. യുവതിയേയും ഇവരുടെ രണ്ട് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും കൊലപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ആൾക്കൂട്ടം യുവതിയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും അടിച്ചുകൊന്നത്. വെള്ളിയാഴ്ച അപ്പർ ആസാമിലെ തിൻസുകിയ ജില്ലയിൽ ഷോപുർ തേയില എസ്റ്റേറ്റിലായിരുന്നു സംഭവം.
ആൾക്കൂട്ട അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അജയ് താൻടി ഇയാളുടെ അമ്മ ജമുന താൻടി എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂൺ അഞ്ച് മുതൽ അജയ് താൻടിയുടെ ഭാര്യ രാധയേയും രണ്ട് മാസം പ്രായമുള്ള മകളെയും കാണാനില്ലായിരുന്നു.
വെള്ളിയാഴ്ച പ്രദേശവാസികൾ അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹം അജയ് താൻടിയുടെ വീടിനു സമീപമുള്ള സെപ്ടിക് ടാങ്കിൽ കണ്ടെത്തി. ഇതോടെ രോഷാകുലരായ നാട്ടുകാർ അജയ് താൻടിയേയും ജമുനയേയും കമ്പും വടിയുമായി ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ ജമുന മരിച്ചു. അജയ് താൻടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അക്രമം നടക്കുമ്പോൾ പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല. വലിയ ജനക്കൂട്ടം ഉണ്ടായിരുന്നെന്ന കാരണത്താലാണ് പോലീസ് സംഭവത്തിൽ ഇടപെടാതെ മാറിനിന്നത്. സംഭവം വിവാദമായതോടെ രണ്ട് വ്യത്യസ്ത കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. രാധയുടെ പിതാവിന്റെ പരാതിയിലും ആൾക്കൂട്ട കൊലപാതകത്തിലുമാണ് കേസെടുത്തിരിക്കുന്നത്.