ഒറ്റപ്പാലം: കടന്പഴിപ്പുറത്ത് വൃദ്ധദന്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരുവർഷം. പ്രതികൾ ഇപ്പോഴും കാണാമറയത്ത്. പോലീസിനു പിറകേ ക്രൈംബ്രാഞ്ചും ഇരുട്ടിൽ തപ്പുന്നു. 2016 നവംബർ 15നാണ് കണ്ണകുർശി വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണൻ (62), ഭാര്യ തങ്കമണി (52) എന്നിവർ വീടിനുള്ളിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പോലീസ് പലരേയും ചോദ്യം ചെയ്തെങ്കിലും ആരെയും പിടികൂടാനായില്ല.
തുടർന്ന് പോലീസ് പ്രത്യേക അന്വേഷണസംഘത്തിനു രൂപംനല്കിയെങ്കിലും തുന്പുണ്ടായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. എന്നാൽ ഇവരുടെ അന്വേഷണവും എങ്ങുമെത്താത്ത സ്ഥിതിയാണ്. ദന്പതികളെ കൊല്ലാൻ ഉപയോഗിച്ച ആയുധം സമീപത്തെ കിണറ്റിൽനിന്നും പോലീസ് കണ്ടെടുത്തിരുന്നു.
കേസ് അന്വേഷണം ലോക്കൽ പോലീസിൽനിന്നും മാറ്റണമെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും വ്യാപക പരാതിയുയർന്നു ജനകീയ പ്രക്ഷോഭം ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. എന്നാൽ ഇവർ അന്വേഷണം ഏറ്റെടുത്തിട്ടും ഇതുവരെ കാര്യമായ പുരോഗതിയില്ല.കൃത്യം നടന്ന് ഒരുവർഷം തികഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാതെ പോലീസിനു പിറകേ ക്രൈംബ്രാഞ്ചും ഇരുട്ടിൽ തപ്പുകയാണ്.