കുന്നംകുളം: പെരുന്പിലാവിലെ ക്വാർട്ടേഴ്സിൽ ഹോംനഴ്സായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം ഓലൂർ പനയിറകുന്ന് സതീഷ് മന്ദിരത്തിൽ മഞ്ചു എന്ന വർഷ(28)യാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തോടനുബന്ധിച്ച് ക്വാർട്ടേഴ്സിലെ താമസക്കാരനും കരിക്കാട് കോട്ടോൽ കൊട്ടിലിങ്ങൽ വീട്ടിൽ ഹുസൈൻ (32) അറസ്റ്റിലായി.
സംഭവശേഷം ഇന്നു പുലർച്ചെ ഇയാൾ കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് പ്രതിയേയും കൂട്ടി പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അൻസാർ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഹുസൈൻ. ബസ് ക്ലീനറായിരുന്ന ഇയാൾ രണ്ടുമാസം മുന്‍പാണ് ഇവിടെ സെക്യൂരിറ്റിയായി ചേർന്നത്. ആശുപത്രിക്കു മുന്നിലെ ഹോം നഴ്സിംഗ് സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഇവിടെനിന്നാണ് ഇവർ പരിചയത്തിലായതെന്നു പറയുന്നു.
ഹുസൈനും മഞ്ജുവും കുറച്ചുകാലം പ്രണയത്തിലായിരുന്നു പിന്നീട് ഇരുവരും ബന്ധം വേര്‍പിരിയുകയായിരുന്നു. അടുത്തകാലത്തായി തന്നെ വിവാഹം ചെയ്യണമെന്ന് യുവതി ഹുസൈനോട് ആവശ്യപ്പെടുകയായിരുന്നു. പ്രണയത്തിലായിരുന്ന കാലത്ത് ഒന്നിച്ചെടുത്ത ചിത്രങ്ങള്‍ കാണിച്ച് യുവതി ഭീഷണിപ്പെടുത്തിയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്കി. ഇയാള്‍ വിവാഹിതനാണ്. ഹുസൈന്റെ ഭാര്യയെ ഇക്കാര്യം അറിയിക്കുമെന്നും വര്‍ഷ ഭീഷണിപ്പെടുത്തിയിരുന്നു.
ഹുസൈൻ കുടുംബത്തോടൊപ്പമാണ് ഈ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി ഹുസൈന്റെ കുടുംബം ഇവിടെ ഉണ്ടായിരുന്നില്ല. ഈ നേരത്താണ് യുവതി ക്വാർട്ടേഴ്സിൽ എത്തിയിട്ടുള്ളത്. പിന്നീട് നടന്ന സംഭവവികാസങ്ങളെ തുടർന്നാണ് യുവതി കൊല്ലപ്പെട്ടിരിക്കുന്നത്. ക്വാർട്ടേഴ്സിലെ റൂമിൽവച്ച് കൊല നടത്തിയശേഷം മൃതദേഹം താഴെയുള്ള വാഴത്തോട്ടത്തിലാണ് ഉപേക്ഷിച്ചിരുന്നത്.
തലയുടെ പുറകിൽ ആഴത്തിലുള്ള മുറിവുണ്ട്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ സ്ഥലത്തെത്തിച്ചശേഷം കൂടുതൽ മൊഴി രേഖപ്പെടുത്തും. കുറച്ചു ദിവസമായി യുവതി പണം ആവശ്യപ്പെട്ട് ബ്ലാക്മെയിൽ ചെയ്യുകയാണെന്നും ഇതാണ് കൊല ചെയ്യാനുണ്ടായ കാരണമെന്നുമാണ് പ്രതിയുടെ പ്രാഥമിക മൊഴി. കുന്നംകുളം ഡിവൈഎസ്പി വിശ്വംഭരൻ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.