മൂന്നാർ: ഗുണ്ടുമലയിൽ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഉൗർജിതപ്പെടുത്തി പോലീസ്. കേസുമായി ബന്ധപ്പെട്ട് നൂറോളം പേരെയാണ് ഇതുവരെ ചോദ്യംചെയ്തത്.
ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികളിലുള്ള വൈരുധ്യം പോലീസ് വിശദമായി പരിശോധിച്ചുവരുന്നുണ്ട്. ഇത് കേസിൽ നിർണായകമാകുമെന്നാണ് പോലീസ് കരുതുന്നത്. ബന്ധുക്കൾ നൽകിയ മൊഴികളിലെ പൊരുത്തക്കേടുകളും വിശദമായി പരിശോധിക്കുന്നുണ്ട്. കൊലയാളിയിലേക്ക് നയിക്കുന്ന സൂചനകൾ ലഭിച്ചിട്ടുണ്ടന്നും പ്രതിയെ ഉടൻ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു.
സംഭവദിവസം പുറത്തുനിന്ന് ആരെങ്കിലും എസ്റ്റേറ്റിനുള്ളിൽ എത്തിയിരുന്നോ എന്ന് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. എസ്റ്റേറ്റിൽ അത്തരത്തിൽ ഒരാൾ എത്താത്ത സാഹചര്യത്തിൽ മരിച്ച കുട്ടിയുടെ അടുത്ത ബന്ധുക്കളുടെയും അയൽവാസികളുടെയും നീക്കങ്ങൾ രഹസ്യമായി വീക്ഷിച്ചുവരുന്നുണ്ട്.
മൂന്നാറിൽനിന്ന് 32 കിലോമീറ്റർ അകലെയും ഒറ്റപ്പെട്ട പ്രദേശവുമായ ഗുണ്ടുമല അപ്പർ ഡിവിഷനിൽ ക്യാന്പ് ചെയ്താണ് പോലീസ് അന്വേഷണം നടത്തുന്നത്. ഡിവൈഎസ്പി എം. രമേഷ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് സിഐമാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന 14 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.