ഇടുക്കി: തൂക്കുപാലം ബസ് സ്റ്റാന്‍ഡിനു സമീപം കെട്ടിടനിര്‍മാണത്തിനായുള്ള കുഴിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
തലയില്‍ കമ്പി കുത്തിക്കയറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു എന്ന് നെടുങ്കണ്ടം പോലീസ് പറഞ്ഞു.
മദ്യപിച്ചു നടന്നു പോകുന്നതിനിടെ അബദ്ധത്തില്‍ കുഴിയില്‍ വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സമീപ പ്രദേശങ്ങളില്‍ നിന്ന് ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 11.30 ഓടെ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം വാങ്ങാനായി കുപ്പി അന്വേഷിച്ച് പോയവരാണ് കുഴിയില്‍ വീണു കിടക്കുന്ന നിലയില്‍ ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ബസ് സ്റ്റാന്‍ഡിലെയും ബിവറേജസ് ഔട്ട്ലെറ്റിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
ഫോറന്‍സിക്ക് വിദഗ്ധര്‍, ഡോഗ് സ്ക്വാഡ്, വിരലടയാളവിദഗ്ധര്‍ തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് സമീപത്തായി ഭക്ഷണ അവശിഷ്ടങ്ങളും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരമാണ് തൊഴിലാളികള്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനം നടത്തി മടങ്ങിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.