വിപ്ലവകരമായ തീരുമാനവുമായി യുഎഇ സര്‍ക്കാര്‍. ചെറിയ കുറ്റങ്ങള്‍ക്കുപോലും വലിയ ശിക്ഷയെന്ന തീരുമാനം മാറ്റാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. തെരുവോ സ്കൂളുകളോ വൃത്തിയാക്കുക, മറ്റു സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയവയായിരിക്കും ഇനി ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷയായി നല്‍കുക. ആറു മാസത്തില്‍ കുറയാത്ത തടവുശിക്ഷ വിധിക്കേണ്ടി വരുന്ന കേസുകളിലാണ് ഇത്തരം ശിക്ഷ നടപടികള്‍ കൈക്കൊളളുക.
എല്ലാ കുറ്റങ്ങള്‍ക്കും ഇതുപോലെ ചെറിയ ശിക്ഷയായിരിക്കില്ല. രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനം എന്നിവയ്ക്ക് കടുത്ത ശിക്ഷ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചാല്‍ വധശിക്ഷയാണ് നല്‍കുക. പ്രസിഡന്റിനെ അപമാനിച്ചാല്‍ 15 മുതല്‍ 25 വര്‍ഷം വരെ തടവു ലഭിക്കും. മതത്തിനെതിരെ പരാമര്‍ശം നടത്തിയാല്‍ 10 വര്‍ഷം വരെ തടവു ശിക്ഷയായിരിക്കും ലഭിക്കുക. അശ്ലീല സിനിമ നിര്‍മിക്കുക, കൈവശം വയ്ക്കുക എന്നീ കുറ്റങ്ങള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പിഴയും കോടതി വിധിക്കും.
നിയമം അടുത്ത മാസം മുതല്‍ നിലവില്‍ വരും. മൂന്നു മാസമാണ് ഇത്തരത്തിലുളള സേവനങ്ങള്‍ കുറ്റവാളികള്‍ക്ക് ചെയ്യേണ്ടി വരുക. കുറ്റവാളികളുടെ ഈ ശിക്ഷകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ നിരീക്ഷിക്കും. എന്നാല്‍ സാമൂഹ്യസേവനം തൃപ്തികരമല്ലെന്ന് പ്രോസിക്യൂട്ടര്‍ റിപ്പോര്‍ട്ട് നല്കിയാല്, ഇവര്‍ക്ക് തടവ് ശിക്ഷയ്ക്ക് തന്നെ വിധിക്കുമെന്നും നിയമം വ്യക്തമാക്കുന്നു. 20 കുറ്റങ്ങള്‍ക്ക് സാമൂഹ്യസേവനങ്ങള്‍ ശിക്ഷയായി വിധിക്കാന്‍ 2009ല്‍ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അത് 20 മുതല്‍ 240 മണിക്കൂര്‍ വരെയുള്ള സാമൂഹ്യസേവനമാണ് നിശ്ചയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ വിപുലീകരിച്ചിരിക്കുന്നത്.