കലവൂർ: ആലപ്പുഴ മണ്ണഞ്ചേരിയിൽ യുവതിയെ വെട്ടിക്കൊന്നു. പഞ്ചായത്ത് 22- ാം വാർഡ് കലവൂർ ഐടിസി കോളനിയിൽ പ്രകാശന്റെ ഭാര്യ ദേവീകൃഷ്ണ (31) യാണു കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. കഴുത്തിന് വെട്ടേറ്റ് രക്തം വാർന്ന് കിടന്ന ദേവീകൃഷ്ണ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിൽ ഭർത്താവ് പ്രകാശനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായിട്ടാണ് പോലീസ് കരുതുന്നത്. സംഭവത്തിൽ പിടിയിലായ പ്രതി പ്രകാശന്റെ സഹോദരനും കൃത്യത്തിൽ പങ്കുള്ളതായിട്ട് പോലീസ് സംശയിക്കുന്നുണ്ട്.
കൊല്ലപ്പെട്ട ദേവീകൃഷ്ണയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായിട്ടുള്ള സംശയത്തിന്റെ പേരിൽ വീട്ടിൽ വഴക്ക് നിത്യസംഭവമായിരുന്നതായി നാട്ടുകാരും പോലീസും പറയുന്നു. പ്രകാശൻ മുന്പും നിരവധി അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതും അടിപിടി കേസുകളിൽ പ്രതിയുമാണ്. ഐടിസി കോളനിയിൽ ചിന്നന്റെ മകനാണ് പ്രകാശൻ. കൂലിപ്പണിക്കാരനാണ്. രണ്ട് മക്കളുണ്ട്.
ഭീതി ഉയർത്തി വീണ്ടും ഐടിസി കോളനി
ആലപ്പുഴ: ആലപ്പുഴയിലെ അധോലോകം എന്നറിയപ്പെടുന്ന ഐടിസി കോളനിയിൽ വീണ്ടും കൊലപാതകം. ഇന്ന് പുലർച്ചെ യുവതിയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ് പിടിയിലായതാണ് ഏറ്റവും ഒടുവിലത്തേത്. ജില്ലയിലെ നിരവധി അക്രമസംഭവങ്ങളിലെ പ്രതികളുടെ പ്രധാന ഒളിത്താവളവും ഗുണ്ടാ, ബ്ലേഡ് മാഫിയ, കഞ്ചാവ് സംഘങ്ങളുടെ കേന്ദ്രവുമാണ് ഇവിടം.
ബിജെപി നേതവായിരുന്ന വേണുഗോപാൽ രണ്ടു വർഷം മുന്പ് കൊല്ലപ്പെട്ടത് ഇവിടെ വച്ചായിരുന്നു. പുലർച്ചെ നടക്കാനിറങ്ങിയ വേണുഗോപാലിനെ ആറംഗ അക്രമിസംഘം കഴുത്തിനു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ മാസങ്ങൾക്കു ശേഷമാണ് പോലീസിനു പ്രതികളെ പിടിക്കാൻ പോലും കഴിഞ്ഞത്. ഇന്ന് നടന്ന കൊലപാതകത്തിലും ഒന്നിലധികം പേരുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്.
കേസിൽ പിടിയിലായ പ്രകാശൻ നിരവധി അക്രമക്കേസുകളിൽ പ്രതിയാണ്. കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധമുള്ള ആളുമാണ് ഇയാൾ. അക്രമങ്ങളിൽ പങ്കാളികളായവർക്ക് വൻ രാഷ്ട്രീയ സഹായം ലഭിക്കുന്നതിനാൽ അക്രമങ്ങൾ വീണ്ടും തുടരുകയാണ്.