ജംഷഡ്പുർ: വിവാഹിതനായ ആളുടെ വിവാഹ അഭ്യർഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ അടക്കം അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തി. ജാർഖണ്ഡിലെ പടിഞ്ഞാറൻ സിംഗ്ഭും ജില്ലയിലായിരുന്നു സംഭവം. മാർച്ച് 14 ന് ആണ് കൊലപാതകം നടന്നതെങ്കിലും കഴിഞ്ഞ ദിവസം സമീപത്തെ വനത്തിൽനിന്നും മൃതദേഹങ്ങൾ ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
രാം സിംഗ് സിർക, ഭാര്യ പാനു കുയി, മകൾ രംഭ (17), കാണ്ഡെ (12), സോണിയ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർ സംസ്ഥാനം വിട്ടതായും പോലീസ് പറയുന്നു. പ്രദേശത്ത് സ്വാധീനമുള്ള കുടുംബമാണ് ഈ അരുംകൊലയ്ക്കു പിന്നിലെന്നാണ് പോലീസ് പറയുന്നത്.
രാം സിംഗിന്റെ സ്വദേശമായ തുലസായിയിൽനിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള വനത്തിൽനിന്നാണ് മൃതദേഹം ലഭിച്ചത്. ഇവിടെനിന്നും അഞ്ചു കിലോമീറ്റർ അകലെനിന്നുമാണ് മറ്റുള്ള നാലു പേരുടെ മൃതദേഹം കണ്ടെടുത്തത്.
പ്രതികളിൽ ഒരാൾ രംഭയെ വിവാഹം കഴിക്കാൻ താൽപര്യം അറിയിച്ചു. എന്നാൽ ഇയാൾ വിവാഹിതനായ ആളായതിനാൽ രാം സിംഗ് ഇത് നിഷേധിച്ചു. ഇതേ തുടർന്ന് പ്രതികൾ രാം സിംഗ് വീട്ടിലില്ലാതിരുന്ന സമയത്ത് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി. പിന്നീട് രാം സിംഗ് തിരികെ വീട്ടിലെത്തിയപ്പോൾ ഇയാളെയും കൊലപ്പെടുത്തി.