തൊടുപുഴ: രണ്ടാം ഭാര്യയോടൊപ്പം കഴിയുന്നതിനായി ആദ്യഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഏലത്തോട്ടത്തിൽ കുഴിച്ചുമൂടിയ ഭർത്താവിന് ജീവ പര്യന്തം തടവും പിഴയും. തമിഴ്നാട് തേനി കോടാങ്കിപ്പെട്ടിയിൽ നിന്നും പൂപ്പാറ തോണ്ടിമലയിൽ താമസക്കാരനുമായിരുന്ന തങ്കപാണ്ടിയേയാണ് ഭാര്യ പാണ്ടീശ്വരിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്നു കണ്ട് തൊടുപുഴ സെഷൻസ് കോടതി ജഡ്ജി മുഹമ്മദ് വസീം വിധി ശിക്ഷിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തം തടവിനും 10,000 രൂപ പിഴയൊടുക്കാനും പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം കഠിന തടവിനും തെളിവുനശിപ്പിച്ചതിന് മൂന്നുവർഷം കഠിന തടവിനും 5000 രൂപ പിഴയ്ക്കും പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കഠിന തടവുമാണ് ശിക്ഷ.
2009 ഫെബ്രുവരി 20 നായിരുന്നു കേസിനാസ്പദമായ സംഭവം. തങ്കപാണ്ടിയും ഭാര്യ പാണ്ടീശ്വരിയും ഏലത്തോട്ടത്തിൽ ജോലിചെയ്യുന്നതിനായി തമിഴ്നാട്ടിൽ നിന്നെത്തി തോണ്ടിമലയിൽ വീട് വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. ഇതിനിടെ തോട്ടം തൊഴിലാളിയായ വനിത എന്ന സ്ത്രീയുമായി തങ്കപാണ്ടി അടുപ്പത്തിലാവുകയും ഇവരെ രണ്ടാം ഭാര്യയാക്കുകയും ചെയ്തിരുന്നു.
വനിതയോടൊപ്പം ജീവിക്കണമെന്ന തങ്കപാണ്ടിയുടെ ഉദ്ദേശ്യത്തിന് പാണ്ടീശ്വരി തടസം നിന്നതോടെ പ്രതി ഇവരെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. സംഭവദിവസം വിറക് പെറുക്കാനെന്ന വ്യാജേന പാണ്ടീശ്വരിയുമായി പ്രതി തോണ്ടിമലയിലെ സൂര്യ എസ്റ്റേറ്റിലെ ഏലക്കാട്ടിലെത്തി. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം തോർത്തുകൊണ്ട് വായും മൂക്കും മൂടിപ്പിടിച്ച് ശ്വാസംമുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയശേഷം മൃതദേഹം ഏലത്തോട്ടത്തിൽ കുഴിച്ചു മൂടുകയായിരുന്നു.
പാണ്ടീശ്വരിയുടെ വസ്ത്രങ്ങളും ചെരിപ്പും ഒരു മരത്തിന്റെ ചുവട്ടിൽ എറിഞ്ഞുകളയുകയും ചെയ്തു. രണ്ടാഴ്ച്ചയ്ക്കുശേഷം ഏലത്തോട്ടത്തിൽ മരുന്നടിക്കാനെത്തിയ തൊഴിലാളികളാണ് അഴുകിയ നിലയിൽ സ്ത്രീയുടെ ശരീരഭാഗം മണ്ണിനുമുകളിൽ കണ്ടെത്തിയത്.
ശാന്തൻപാറ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ദേവികുളം ആർഡിഒയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോർട്ടത്തിൽ കൊലപാതകമെന്നു തെളിഞ്ഞെങ്കിലും മൃതദേഹം അഴുകിയതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
പോലീസ് നടത്തിയ അന്വേഷണത്തിൽ തങ്കപാണ്ടിയേയും പാണ്ടീശ്വരിയേയും കുറേ നാളുകളായി സ്ഥലത്ത് കാണാതിരുന്നത് സംശയത്തിനിടയാക്കി. കൊലപാതകത്തിനുശേഷം തമിഴ്നാട്ടിലേയ്ക്ക് കടന്ന തങ്കപാണ്ടിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. പാണ്ടിശ്വരിയെ കൊലപ്പെടുത്തിയശേഷം കുഴിയെടുക്കുന്നതിനിടെ അടുത്ത എസ്റ്റേറ്റിലെ ജോലിക്കാരനായ മുരുകനെന്നയാൾ വിറക് ശേഖരിക്കാൻ എത്തിയപ്പോൾ സംഭവം നേരിൽ കണ്ടിരുന്നു.
എന്നാൽ ഭയന്നോടിയ ഇയാളെ തങ്കപാണ്ടി ഭീഷണിപ്പെടുത്തിയതിനാൽ വിവരം പുറത്താരോടും പറഞ്ഞിരുന്നില്ല. പ്രതിയെ അറസ്റ്റ് ചെയ്തതോടെയാണ് മുരുകൻ സംഭവം പുറത്ത് പറയുന്നത്. മുരുകനെ മജിസ്ട്രേറ്റിനു മുന്പാകെ ഹാജരാക്കി മൊഴിയെടുക്കുകയും ചെയ്തു. കൊലയ്ക്കുശേഷം എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും തെളിവെടുപ്പിനിടെ പ്രതി എടുത്തുകൊടുത്തു.
തോണ്ടിമലയിൽ തങ്കപാണ്ടി താമസിച്ചിരുന്ന വീട് പരിശോധിച്ചപ്പോൾ ലഭിച്ച പാണ്ടീശ്വരിയുടെ ഫോട്ടോയും പോസ്റ്റുമോർട്ടസമയത്ത് ശേഖരിച്ച തലയോട്ടിയും തമ്മിൽ ഫോറൻസിക് ലാബിൽ നടത്തിയ സൂപ്പർ ഇംപോസിഷൻ പരിശോധനയിലാണ് കണ്ടെടുത്ത മൃതദേഹം പാണ്ടിശ്വരിയുടേതാണെന്ന് തെളിഞ്ഞത്.
മറ്റൊരു കേസിൽ മധുര ജയിലിൽ കഴിഞ്ഞിരുന്ന തങ്കപാണ്ടിയെ തമിഴ്നാട് പോലീസിന്റെ അകന്പടിയിലാണ് വിചാരണയ്ക്ക് കോടതിയിൽ ഹാജരാക്കിയത്. 16 സാക്ഷികളെ വിസ്തരിച്ച കേസിൽ 29 പ്രമാണങ്ങളും നാല് തൊണ്ടിമുതലുകളും കോടതി തെളിവായി സ്വീകരിച്ചു.
മുരുകന്റെ മൊഴിയും ശാസ്ത്രീയ തെളിവുകളും നിർണായകമായി. ദേവികുളം സിഐ ആയിരുന്ന കെ.ജി. ബാബുകുമാർ അന്വേഷണം നടത്തിയ കേസിൽ സിഐ വി.എ. തോമസാണ് പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി. സുനിൽദത്ത് ഹാജരായി.