നവാസ് മേത്തര്‍
തലശേരി: എന്‍ഡിഎഫ് പ്രവര്‍ത്തകനായ പിലാക്കൂല്‍ ഒളിയിലെക്കണ്ടി മുഹമ്മദ് ഫസലി (27) നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍ അടങ്ങിയ വീഡിയോ-ഓഡിയോ സിഡികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.
കേസില്‍ പുനഃരന്വേഷണമാവശ്യപ്പെട്ട് ഫസലിന്റെ സഹോദരന് അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് ഏബ്രഹാം മാത്യുവാണ് കേസിലെ ആദ്യ ഘട്ട വാദം കേട്ട ശേഷം കേരള പോലീസ് ഹാജരാക്കിയ ഓഡിയോ വീഡിയോ ക്ലിപ്പിംഗുകള്‍ ഫയലില്‍ സ്വീകരിച്ചത്. ഇവ കോടതി പരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. കേസ് അടുത്ത ദിവസം വീണ്ടും കോടതി പരിഗണിക്കും. ഇതോടെ കേസ് പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്.
കേസില്‍ പുനഃരന്വേഷണം അവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി കൊച്ചി സിബിഐ പ്രത്യേക കോടതി തള്ളിയതിനെ തുടര്‍ന്നാണ് അബ്ദുള്‍ സത്താര്‍ ഹൈക്കോടതിയെ സമീപിച്ചത്.കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ സിബിഐ ക്കു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.അജിത്തും അബ്ദുള്‍ സത്താറിനു വേണ്ടി സുപ്രീം കോടതിയില്‍ നിന്നുള്ള അഡ്വ. സിദ്ധാര്ത്ഥലൂത്രയും അഡ്വ.പിഎന്‍ സുകുമാരകനും ഹാജരായി.
ഫസല്‍ വധക്കേസില്‍ പുനഃരന്വേഷണം വേണമെന്ന് പ്രതികളും പ്രതികളുടെ പാര്‍ട്ടിയും പുറമെ ഫസലിന്റെ സഹോദരങ്ങളായ അബ്ദുള്‍ റഹ്മാനും സത്താറും ആവശ്യപ്പെടുമ്പോള്‍ സിബിഐ അന്വേഷണത്തില്‍ തൃപ്തരാണെന്നും തുടര്‍ അന്വേഷണത്തെ എതിര്‍ക്കുന്നില്ലെന്നും സിബിഐ തന്നെ തുടര്‍ന്നും അന്വേഷിക്കണമെന്നും കേരള പോലീസ് അന്വേഷിക്കുന്നതിനെ എതിര്‍ക്കുന്നതായും ഫസലിന്റെ ഭാര്യ മറിയുവും സഹോദരി റംലയും കോടതിയില്‍ വ്യക്തമാക്കി.
ഇരുവര്‍ക്കും വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ജമീലാണ് ഇക്കാര്യങ്ങള്‍ കോടതി അറിയിച്ചത്.
ഒരു കൊലപാതക കേസില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ രണ്ട് തട്ടിലാണെന്ന പ്രത്യേകതയും ഈ കേസിലുണ്ട്. തങ്ങളാണ് കൊല നടത്തിയതെന്ന ആര്‍എസ്എസ് പ്രവര്‍ത്തക പള്ളൂര്‍ ചെമ്പ്രയിലെ എമ്പ്രാന്റെവിട സുബീഷ് എന്ന കുപ്പി സുബിഷിന്റെ കുറ്റ സമ്മത മൊഴിയാണ് ഒടുവില്‍ കോടതിക്കും മാധ്യമങ്ങള്‍ക്കും മുന്നിലെത്തിയത്.
കൂത്തുപറമ്പ് പടുവിലായി മോഹനന് വധക്കേസിലെ പ്രതിയായ സുബീഷ് ഈ കേസില്‍ അറസ്റ്റിലാകുന്നതിന് രണ്ട് വര്‍ഷം മുമ്പ് ആര്‍എസ്എസ് നേതാവുമായി നടത്തിയ ഫോണ്‍ സംഭാണങ്ങളുള്പ്പെടെയുള്ള രേഖകളാണ് കേരള പോലീസ് ഹാജരാക്കിയിട്ടുള്ളത്. ഡിവൈഎസ്പിമാരായ പി.പി സദാനന്ദന്, പ്രിന്‍സ് അബ്രഹാം എന്നിവര്‍ക്കാണ് സുബീഷ് കുറ്റസമ്മത് മൊഴി നല്‍കിയത്.
സിപിഎം-ബിജെപി-എന്‍ഡിഎഫ് കക്ഷികളില്‍ നിന്നുള്ള വധഭീഷണിയെ തുടര്‍ന്ന് സ്വയരക്ഷയ്ക്കായി പിസ്റ്റള്‍ തേടിയുള്ള അലച്ചിലിനിടയിലാണ് ഫസലിനെ കൊലപ്പെടുത്തിയത് താനുള്പ്പെടെുള്ള ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരാണെന്ന രഹസ്യം ആദ്യം പുറത്തായതെന്ന് സുബീഷ് പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
ഫസല്‍ വധക്കേസുള്‍പ്പെടെയുള്ള കേസുകളില്‍ സുബീഷിന്റെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ മോഹനന് വധക്കേസില്‍ സുബീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിക്കൊണ്ടുള്ള റിമാൻഡ് റിപ്പോര്‍ട്ടില്‍ പോലീസ് വിശദീകരിച്ചിട്ടുമുണ്ട്.
സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ വിശദമായ റിപ്പോര്‍ട്ട് സിഡിയുള്‍പ്പെടെ കേരള പോലീസ് സിബിഐ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയും സിബിഐയുടെ ഇന്റലിജന്‍സ് വിഭാഗം തലശേരിയിലെത്തി പ്രാഥമികാന്വേഷണം നടത്തുകയും ചെയ്തിരുന്നു.
കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ നീണ്ട 12 വര്‍ഷക്കാലം നീണ്ടു നിന്ന വിവാദങ്ങള്‍ വിട്ടുമാറാത്ത ഏക കേസാണ് ഫസല്‍ വധക്കേസ്. ഫസല്‍ വധക്കേസില്‍ പ്രതികളാക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം കാരായി രാജന്, തലശേരി നഗരസഭ കൗണ്‍സിലര്‍ കാരായി ചന്ദ്രശേഖരന് എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍ നിരപരാധികളാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ഓഡിയോ ക്ലിപ്പിംഗുകളാണ് ഒരു വര്‍ഷം മുമ്പ് പുറത്ത് വന്നത്.
എന്നാല്‍ ഇവ പുറത്തു വന്ന തൊട്ടടുത്ത ദിവസം തന്നെ പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമെടുത്ത മൊഴിയാണ് പുറത്തു വന്നിട്ടുള്ളതെന്ന് വ്യക്തമാക്കി കൊണ്ട് സുബീഷും പത്ര സമ്മേളനം നടത്തി. എന്നാല്‍ തന്നെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് സുബീഷ് കൂത്തുപറമ്പ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് നല്കിയ മൊഴിയുടെ സര്‍ട്ടിഫൈഡ് കോപ്പിയും ഇതിനകം പോലീസ് പുറത്തുവിട്ടു.
2006 ഒക്ടോബര്‍ 22 പുലര്‍ച്ചെ ജെ.ടി റോഡില്‍ ലിബര്‍ട്ടി ക്വാട്ടേഴ്സിനു മുന്നില്‍ വെച്ചാണ് അക്രമി സംഘം ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയത്.