പാറ്റ്ന: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗമെന്നു സംശയിച്ച് ബിഹാറിൽ ജനക്കൂട്ടം സ്ത്രീയെ തല്ലിക്കൊന്നു. വൈശാലിയിലെ സെഹ്ദായ് ബുസുർഗ് ബ്ലോക്കിലാണു സംഭവം. മാനസിക നിലയിൽ പ്രശ്നമുള്ള സ്ത്രീയെയാണ് നാട്ടുകാർ അടിച്ചുകൊലപ്പെടുത്തിയതെന്നു പോലീസ് അറിയിച്ചു.
വടികൾ ഉപയോഗിച്ചാണ് നാട്ടുകാർ സ്ത്രീയെ അടിച്ചത്. സ്ത്രീ മരിക്കുന്നതു വരെ മർദനം തുടർന്നു. മർദനം നടക്കുന്പോൾ നിരവധി പേർ കാഴ്ചക്കാരായി സമീപത്തുണ്ടായിരുന്നു.
മരിച്ച സ്ത്രീയുടെ കുട്ടി മരിക്കുകയോ കാണാതാകുകയോ ചെയ്ത ശേഷമാണ് ഇവർക്കു മാനസിക നില നഷ്ടപ്പെട്ടതെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി കുട്ടിയെ തെരഞ്ഞ് പ്രദേശത്തെ ഒരു വീട്ടിൽ കയറിയപ്പോഴാണ് നാട്ടുകാർ പിടികൂടുന്നതും തല്ലിക്കൊല്ലുന്നതും. തന്റെ കുട്ടിയെ കാണാനില്ലെന്ന് ഇവർ നാട്ടുകാരോടു പറഞ്ഞെങ്കിലും അവർ ഗൗനിച്ചില്ല. ഇതിനുശേഷമായിരുന്നു മർദനം. മരിച്ച സ്ത്രീയുടെ ജഡം ഇവർ സംഭവസ്ഥലത്തുനിന്നു മാറ്റിയിട്ടു. പിന്നീട് പോലീസ് എത്തിയാണു മൃതദേഹം കണ്ടെത്തുന്നത്.
കുറച്ചു ദിവസങ്ങളായി ഇവർ പരിസരത്തുണ്ടായിരുന്നെന്ന് നാട്ടുകാർ പോലീസിനോടു പറഞ്ഞു. കുട്ടിയെ എന്ന പോലെ ഒരു തുണിയും കൈയിലെടുത്തായിരുന്നു നടപ്പ്. എങ്ങനെയാണ് ഇവർ വൈശാലിയിൽ എത്തിയതെന്ന് ഇവർക്ക് അറിയില്ലായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്നും കുറ്റവാളികൾക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.