ന്യൂയോർക്ക്: ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായ ഭാര്യയെ യുവാവ് കുത്തിക്കൊന്നു. യുവതിയെകൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കയിലെ ക്വീൻസിലാണ് സംഭവം. ദിനേശ്വർ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു ഡോണെ. ഇതിൽ അസൂയ കാരണമാണ് ദിനേശ്വർ ഡോണെയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് ദ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ബാർ ടെൻഡറായി ജോലി നോക്കുകയായിരുന്നു ഡോണെ.
വീട്ടിലിരുന്ന് ഹൃത്വിക് റോഷന്റെ സിനിമകൾ കാണുകയോ പാട്ടുകൾ കേൾക്കുകയോ ചെയ്യുന്പോൾ അത് നിർത്താൻ ഡോണെയോട് ദിനേശ്വർ ആവശ്യപ്പെടുമായിരുന്നെന്നും ഡോണെയുടെ സുഹൃത്തും സഹപ്രവർത്തകയുമായ മാല രാംധാനി പറഞ്ഞു.
ഡോണെയെ കൊലപ്പെടുത്തിയ ശേഷം ദിനേശ്വർ, അക്കാര്യം ഡോണെയുടെ സഹോദരിക്ക് ഫോണ് സന്ദേശം അയച്ചു. ഡോണെയുടെ മൃതദേഹത്തിനു സമീപമാണ് ദിനേശ്വറിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലൈയിലാണ് ദിനേശ്വറും ഡോണെയും വിവാഹിതരായത്.