പാലക്കാട്: ചരക്കുലോറി ക്ലീനർ കല്ലേറിൽ കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് സൂചന. ലോറി ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുന്നു. കോയന്പത്തൂരിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറിയുമായെത്തിയ ലോറിയുടെ ക്ലീനർ കോയന്പത്തൂർ അണ്ണൂർ വടക്കല്ലൂർ മുരുകേശന്റെ മകൻ വിജയ് (മുബാറക് ബാഷ- 21) ആണ് മരണപ്പെട്ടത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് മുബാറക് ബാഷ കൊല്ലപ്പെട്ടത്.
കഞ്ചിക്കോട് ഐടിഐക്കു സമീപമെത്തിയപ്പോൾ ബൈക്കുകളിലും കാറിലും എത്തിയ പതിനഞ്ചംഗ സംഘം ദേശീയപാത സർവീസ് റോഡിൽ ലോറിയിലേക്ക് കല്ലെറിഞ്ഞെന്നാണ് ഡ്രൈവർ നൂറുള്ള ആദ്യം പോലീസിനോടും മാധ്യമപ്രവർത്തകരോടും പറഞ്ഞത്. എന്നാൽ പിന്നീട് കോയന്പത്തൂരിൽ വെച്ചാണ് കല്ലേറുണ്ടായതെന്ന് ഇയാൾ മൊഴിമാറ്റി. ഇതാണ് ദുരൂഹതയേറ്റുന്നത്.
യുവാവിന്റെ ഹൃദയവും കരളും തകർന്ന നിലയിലായിരുന്നു. ആന്തരിക രക്തസ്രാവവുമുണ്ടായിട്ടുണ്ട്. വേഗതയിൽ വരുന്ന വാഹനത്തിൽ കല്ല് പതിച്ചാൽ ഇത്തരത്തിൽ അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും മറ്റ് സാധ്യതകളും പോലീസ് അന്വേഷിച്ചുവരികയാണ്.
കേരളത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് കഞ്ചിക്കോട് വച്ച് അപകടമുണ്ടായതെന്ന് പറഞ്ഞതെന്നാണ് ഡ്രൈവർ പറയുന്നത്. കോയന്പത്തൂരിനും വാളയാറിനും ഇടയ്ക്ക് എട്ടിമടയിൽ വെച്ചാണ് സംഭവമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം മരിച്ച ക്ലീനറുടെ പേര് വിജയ് മുരുകേശനെന്നാണ് രേഖകളിലുള്ളത്. ഇയാൾ ഒരു പെണ്കുട്ടിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് മുബാറക് ബാഷ എന്ന് പേരുമാറ്റിയതായി ബന്ധുക്കൾ പറയുന്നു. ഇതിൽ വിദ്വേഷം ഉണ്ടോ ഈ നിലയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. കസബ എസ്ഐ എം.ഗംഗാധരന്റെ നേതൃത്വത്തിൽ ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണ്. ഇത് പൂർത്തിയായാൽ തുടരന്വേഷണത്തിന് തമിഴ്നാട് പോലീസിന് കൈമാറും. പോസ്റ്റ്മോർട്ടത്തിനു ശേഷം വിജയിന്റെ മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി.