ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭാര്യയേയും മൂന്ന് മക്കളേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ. ശനിയാഴ്ച രാവിലെ സൗത്ത് ഡൽഹിയിലെ മെഹ്റുളി എരിയയിലായിരുന്നു സംഭവം. സ്വകാര്യ ട്യൂഷൻ സെന്റർ നടത്തുന്ന ഉപേന്ദ്ര ശുക്ലയാണ് അറസ്റ്റിലായത്.
തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭാര്യാമാതാവാണ് സംഭവം ആദ്യം അറിയുന്നത്. ഇവരാണ് വിവരം പുറത്തറിയിച്ചത്. മൂത്ത പെൺകുട്ടിക്ക് ഏഴു വയസും രണ്ടാമത്തെ ആൺകുട്ടിക്ക് അഞ്ച് വയസുമാണ് പ്രായം. മൂന്നാമത്തെ പെൺകുഞ്ഞിന് രണ്ട് മാസം മാത്രമാണ് പ്രായം.
രാത്രി ഒന്നിനും ഒന്നരയ്ക്കും ഇടയിലാണ് കൊലപാതകങ്ങളെല്ലാം നടത്തിയിരിക്കുന്നത്. ഉറക്കത്തിലായിരുന്ന കുടുംബാംഗങ്ങളെ ഇയാൾ കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. കടബാധ്യതയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പ്രതി കടുത്ത വിഷാദത്തിലായിരുന്നു.