ഗൂഡല്ലൂർ: യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയും മകനെ കഴുത്തിന് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
ഈറോഡ് സ്വദേശി ഗൗരീശങ്കറിനെ(27)യാണ് ഡിവൈഎസ്പിമാരായ കൃഷ്ണമൂർത്തി, തിരുമേനി എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് അറസ്റ്റു ചെയ്തത്. കോത്തഗിരി സ്വദേശി രാജേഷ്കുമാറിന്റെ ഭാര്യ ലോകേശ്വരി (26) യെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ 28നാണ് സംഭവം, മകൻ കാർത്തികേയനെ (നാല്)കഴുത്തിന് വെട്ടേറ്റ് ഗുരുതരാവസ്ഥയിലും കണ്ടെത്തിയിരുന്നു.
കുട്ടി കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ലോകേശ്വരിയും ഗൗരി ശങ്കറും തമ്മിൽ അടുപ്പത്തിലായിരുന്നു. ഗൗരി ശങ്കർ മരുന്ന് വിൽപ്പനക്കാരനാണ്. യുവതിയും ഇയാളോടൊപ്പം മരുന്ന് വിൽപ്പനയ്ക്ക് ചേർന്നിരുന്നു. വിവാഹിതയാണെന്ന വിവരം ലോകേശ്വരി ഇയാളിൽ നിന്ന് മറച്ചുവച്ചിരുന്നു. ഇരുവരും വിവാഹിതരാകാമെന്ന് പറഞ്ഞ് ഉറപ്പിക്കുകയും ചെയ്തിരുന്നു.
സംഭവ ദിവസം ഗൗരിശങ്കർ വീട്ടിലെത്തിയപ്പോൾ ലോകേശ്വരി മറ്റൊരാളുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ക്ഷുഭിതനായ ഇയാൾ വീട്ടിനുള്ളിലുണ്ടായിരുന്ന കത്തി എടുത്ത് യുവതിയെ വെട്ടുകയായിരുന്നു. കുട്ടി വിവരം പുറത്തറിയിക്കുമെന്ന് കരുതിയാണ് കുട്ടിയെ കൊല്ലാൻ ശ്രമിച്ചത്.
യുവതിയുടെ ഫോണിലേക്ക് വന്ന ഫോണ് കോളുകൾ പരിശോധിച്ചതിനെത്തുടർന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയ ഈറോഡിൽ വച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഇയാൾ യുവതിയുടെ അഞ്ചര പവൻ സ്വർണവും മോഷ്ടിച്ചിരുന്നു. കോത്തഗിരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് സൂപ്രണ്ട് ഷണ്മുഖപ്രിയ നിയോഗിച്ച സ്പെഷൽ സ്ക്വാഡ് ആണ് പ്രതിയെ പിടകൂടിയത്.