ലക്കിംപുർ: ശാരീരികമർദനം തുടർക്കഥയായപ്പോൾ യുവതി ഭർത്താവിന്റെ തലവെട്ടി. വെട്ടിയെടുത്ത തലയുമായി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ആസാമിലെ ലക്കിംപൂരിൽ ചൊവ്വാഴ്ച രാത്രിയാണു സംഭവം.
മസ്ഗാവ് സ്വദേശിനി ഗുണേശ്വരി ബർകാട്ടകിയാണ് ധാർപുർ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. മുദിറാം എന്ന അന്പത്തഞ്ചുകാരനാണു കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ ആയിരിക്കെയാണ് ഗുണേശ്വരി മുദിറാമിനെ കൊല്ലുന്നത്.
വർഷങ്ങളായി മുദിറാം മുണേശ്വരിയെ ശാരീരികമായി മർദിക്കാറുണ്ടായിരുന്നു. നിരവധി അവസരങ്ങളിൽ കോടാലി ഉപയോഗിച്ച് നിരവധി തവണ മുറിവേൽപ്പിച്ചു. ഒടുവിൽ സഹികെട്ട് ഗുണേശ്വരി മുദിറാമിനെ കൊല്ലുകയായിരുന്നു. കുട്ടികളെ ഓർത്തുമാത്രമാണ് താൻ നേരത്തെ മുദിറാമിനെ വിട്ടുപോകാതിരുന്നതെന്ന് സ്ത്രീ പോലീസിനോടു പറഞ്ഞു.
രണ്ട് ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും ഉൾപ്പെടെ അഞ്ചു കുട്ടികളാണ് ദന്പതികൾക്ക്. വാക്കത്തി ഉപയോഗിച്ചാണ് ഗുണശ്വരി മുദിറാമിന്റെ തലവെട്ടിയത്. വെട്ടിയെടുത്ത തല പ്ലാസ്റ്റിക് കവറിലാക്കി അഞ്ചു കിലോമീറ്റർ സഞ്ചരിച്ച് ഗുണേശ്വരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇവരെ പിന്നീട് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.