ഗൃഹനാഥനെ കൊന്നുകുഴിച്ചു മൂടിയെന്ന കേസില്‍ തുമ്പൊന്നും കിട്ടാതെ പോലീസ്; അനീഷ് നുണ പറയുകയാണോയെന്ന് പോലീസ് സംശയിക്കാനുള്ള കാരണങ്ങള്‍ ഇതൊക്കെ

ktm-crimeതലയോലപ്പറമ്പ്: തലയോലപ്പറമ്പ് കാലയില്‍ മാത്യു(53)വിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസില്‍ തുമ്പൊന്നു കിട്ടാതെ പോലീസ്. മാത്യുവിനെ കുഴിച്ചിട്ടുവെന്നു പറയപ്പെടുന്ന കെട്ടിടത്തിനു സമീപമുള്ള പുരയിടത്തില്‍ നിന്നും ഏതാനും എല്ലിന്‍ കഷണങ്ങള്‍ ഇന്നലെ കണെ്ടത്തിയിരുന്നു. എന്നാല്‍, ഇതു മനുഷ്യന്റെതു തന്നയാണോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ പോലീസിനും സയന്റിഫിക് വിദ്ഗധര്‍ക്കും കഴിഞ്ഞിട്ടില്ല. വിശദമായ പരിശോധനകള്‍ക്കു ശേഷമേ എല്ലിന്‍ കഷണങ്ങള്‍ മനുഷ്യന്റേതാണെന്ന് ഉറപ്പിക്കാനാവുവെന്നാണു പോലീസ് പറയുന്നത്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മനുഷ്യന്റെ കൈവിരലിന്റെ അസ്ഥിക്കു സമാനമായവയാണു കിട്ടിയതെന്നു പോലീസ് പറഞ്ഞു.

മാത്യുവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്നു പറയപ്പെടുന്ന മൂന്നുനില കെട്ടിടത്തിന്റെ ഉള്‍വശം കുഴിച്ചുള്ള പരിശോധനയാണ് ഇന്നലെ രാത്രി വരെ തുടര്‍ന്നത്. എന്നാല്‍, ഇനി കെട്ടിടത്തില്‍ പരിശോധന വേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ പോലീസ്. കേസിലെ പ്രതിയായ അനീഷ് പോലീസിനെ കബളിപ്പിക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണ്. ഇന്നലെ വൈകുന്നേരം മുതല്‍ രാത്രി വരെ അനീഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്‌തെങ്കിലും മുമ്പ് പറഞ്ഞ സ്ഥലത്തുനിന്നും വ്യത്യസ്തമായി ഒരുമീറ്ററോളം റോഡിന്റെ വശത്തേയ്ക്കുമാറ്റിയാണ് മാത്യുവിനെ കുഴിച്ചുമൂടിയതെന്നാണ് പറഞ്ഞത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി ഏഴിന് ഇവിടത്തെ മണ്ണും നീക്കം ചെയ്തു പരിശോധിച്ചു. വേറെ എവിടെയങ്കിലുമാണോ കുഴിച്ചുമൂടിയതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പുതിയ കെട്ടിടത്തിനുള്ളിലെന്നു പറഞ്ഞാല്‍ ഇവിടെ പരിശോധന നടത്തുകയില്ലന്നു കരുതി നുണ പറഞ്ഞതാണോ എന്ന സംശയവും പോലീസിനുണ്ട്. അനീഷ് നടത്തിയിരുന്ന സ്ഥാപനത്തില്‍ നിന്നും 150 മീറ്റര്‍ ദൂരത്തില്‍ എറണാകുളം റോഡിലാണ് മാത്യുവിനെ കാണാതായ ദിവസം ഇദ്ദേഹത്തിന്റെ കാര്‍ ഉപേഷിക്കപ്പെട്ടനിലയില്‍ കണെ്ടത്തിയത്. കെലപ്പെടുത്തിയശേഷം മറ്റെവിടെയെങ്കിലും മറവുചെയ്തതാകാമെന്നും സംശയിക്കുന്നുണ്ട്.

Related posts