കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ നടന്നത് 3,070 കൊലപാതകങ്ങള്‍. 2016 മേയ് മുതല്‍ 2025 മാര്‍ച്ച് 16 വരെയുള്ള കണക്കുകളാണിത്. ഇക്കാലയളവില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 18 കൊലപാതകക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലഹരി ഉപയോഗം മൂലമുണ്ടായ തര്‍ക്കങ്ങളില്‍ 52 കൊലപാതകങ്ങളാണ് നടന്നത്.
സംസ്ഥാനത്ത് ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് തിരുവനന്തപുരം റൂറലിലാണ്. ഇവിടെ 287 പേരാണ് കൊല്ലപ്പെട്ടത്. രണ്ടാം സ്ഥാനം പാലക്കാട് ജില്ലയ്ക്കാണ്. 233 പേരാണ് ഇവിടെ കൊല ചെയ്യപ്പെട്ടത്. എറണാകുളം റൂറലില്‍ 219 പേരും മലപ്പുറത്ത് 200 പേരും ഇടുക്കിയില്‍ 198 പേരും കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ കൊലക്കിരയായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കോഴിക്കോട് സിറ്റിയിലാണ് കൊലപാതകക്കേസുകളില്‍ കുറവുള്ളത്. ഇവിടെനിന്ന് 58 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എറണാകുളം സിറ്റിയില്‍നിന്ന് 130 കൊലപാതകക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റെയില്‍വേ പോലീസിന്റെ കണക്കുകള്‍ പ്രകാരം അഞ്ച് കൊലപാതകക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി- 131, കൊല്ലം സിറ്റി- 148, കൊല്ലം റൂറല്‍- 190, പത്തനംതിട്ട- 140, ആലപ്പുഴയിലും കോട്ടയത്തും 180, തൃശൂര്‍ സിറ്റി- 165, തൃശൂര്‍ റൂറല്‍- 150, മലപ്പുറം- 200, കോഴിക്കോട് റൂറല്‍- 99, വയനാട്- 90, കണ്ണൂര്‍ സിറ്റി- 84, കണ്ണൂര്‍ റൂറല്‍-68, കാസര്‍ഗോഡ്- 115 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കൊലപാതക കേസുകളുടെ വിവരങ്ങള്‍.
പ്രസ്തുത കേസുകളില്‍ 476 പേരെയാണ് ശിക്ഷിച്ചത്. 78 പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. ഇക്കാലയളവില്‍ കൊലപാതകക്കേസുകളില്‍ ശിക്ഷിച്ച് സംസ്ഥാനത്തെ വിവിധ ജയിലുകളിലായി പാര്‍പ്പിച്ചിട്ടുള്ള അന്തേവാസികളില്‍ 168 പേര്‍ക്ക് കേരള പ്രിസണുകളും സംശുദ്ധീകരണവും സന്മാര്‍ഗീകരണ സേവനങ്ങളും (നിര്‍വഹണം) ചട്ടങ്ങള്‍ പ്രകാരം അര്‍ഹമായ അവധി ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ആര്‍ക്കും തന്നെ ശിക്ഷാ ഇളവ് നല്കി വിടുതല്‍ ചെയ്തിട്ടില്ലെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.
- സീമ മോഹന്‍ലാല്‍