കോഴിക്കോട് : ശരീരഭാഗങ്ങള്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ക്രൈംബ്രാഞ്ച് വലയിലായതായി സൂചന. പ്രതി മലപ്പുറം ജില്ലക്കാരനാണെന്നാണ് അറിയുന്നത്. കൊല്ലപ്പെട്ടയുവാവിന്റെ രേഖാചിത്രം പുറത്തുവിട്ടു നടത്തിയ അന്വേഷണത്തിലാണ് രണ്ടര വർഷങ്ങൾക്കുശേഷം പ്രതി ക്രൈംബ്രാഞ്ചിന്റെ വലയിലാകുന്നത്. ഇന്നോ നാളയോ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
2017 ജൂണ്‍ 26 നാണ് കേസിനാസ്പദമായ സംഭവം. ചാലിയം കടലോരത്ത് നിന്ന് ഇടത് കൈയുടെ ഭാഗമായിരുന്നു ആദ്യം ലഭിച്ചത്. മൂന്നു ദിവസത്തിന് ശേഷം ഇതേ ഭാഗത്ത് നിന്ന് വലതു കൈയും കണ്ടെത്തി. അന്വേഷണം നടക്കുന്നതിനിടെ അഞ്ചു ദിവസത്തിന് ശേഷം ജൂലൈ ആറിന് തിരുവമ്പാടി എസ്റ്റേറ്റ് റോഡില്‍ അരയ്ക്ക് മേല്പോട്ടുള്ള ഭാഗവും കണ്ടെത്തി.
പഞ്ചസാര ചാക്കിലായിരുന്നു ശരീരഭാഗം ഉപേക്ഷിച്ചിരുന്നത്. ഈ സംഭവത്തില്‍ തിരുവമ്പാടി പോലീസും കേസെടുത്തു. പിന്നീട് അടുത്തമാസം ഓഗസ്റ്റ് 13 ന് ചാലിയത്ത് നിന്ന് തലയോട്ടിയും കണ്ടെടുത്തു. കൈകളും തലയോട്ടിയും കണ്ടെത്തിയ സംഭവത്തില്‍ ബേപ്പൂര്‍ പോലീസാണ് കേസെടുത്തത്. ഒരാളുടെ തന്നെ ശരീരഭാഗങ്ങളാണിതെന്ന് പോലീസ് സംശയിച്ചു.
തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ ഒരാളുടെത് തന്നെയാണെന്ന് കണ്ടെത്തി. 2017 സപ്തംബര്‍ 16 ന് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായതിനാല്‍ പിന്നീട് ലോക്കല്‍ പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി.
2017 ഒക്ടോബര്‍ നാലിനാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംസ്ഥാനത്തിനകത്തും സമീപ സംസ്ഥാനങ്ങളിലുമായി പോലീസ് അന്വേഷണം നടത്തി. കാണാതായവരെ കുറിച്ചായിരുന്നു അന്വേഷിച്ചിരുന്നത്. എന്നാല്‍ ഫലമുണ്ടായില്ല.
തുടര്‍ന്ന് ദേശീയ ക്രൈംറെക്കോര്‍ഡ് ബ്യൂറോ വഴിയും അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതരദേശതൊഴിലാളിയാണെന്ന സംശയത്തെ തുടര്‍ന്ന് മുക്കം ഭാഗങ്ങളില്‍ പോലീസ് അന്വേഷണം നടത്തി. ഇവിടെയുള്ള കരാറുകരേയും ഇതരദേശതൊഴിലാളികളേയും ഉള്‍പ്പെടുത്തികൊണ്ട് യോഗം ചേര്‍ന്നെങ്കിലും മരിച്ചയാളുടെ വിവരങ്ങള്‍ ലഭിച്ചില്ല.
ഇതേതുടര്‍ന്നാണ് തലയോട്ടി അടിസ്ഥാനമാക്കി രേഖാചിത്രം തയാറാക്കിയത്. മറ്റെവിടെയെങ്കിലും വച്ച് കൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ ശരീരഭാഗങ്ങള്‍ ഇരുവഞ്ഞി പുഴയില്‍ ഉപേക്ഷിക്കാനുള്ള സാധ്യതയാണുള്ളതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇരുവഞ്ഞിപുഴ കടലില്‍ ചേരുന്ന അഴിമുഖത്ത് നിന്നാണ് ശരീരഭാഗങ്ങളില്‍ കൂടതലും കണ്ടെത്തിയത്.
165 സെന്റീമീറ്റര്‍ ഉയരമുള്ള ഇതരദേശക്കാരനായ 25 വയസുള്ള യുവാവാണ് മരിച്ചതെന്നാണ് നിഗമനം. മരിക്കുന്നതിന് മുമ്പ് യുവാവ് മദ്യപിച്ചിരുന്നതായും നാല് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിച്ചിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിരുന്നു.ശരീരലക്ഷണങ്ങളും മറ്റും കണക്കിലെടുത്താണ് ഇതരദേശക്കാരനാണ് കൊല്ലപ്പെട്ടതെന്ന് നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്.
പുകയില ഉത്പന്നങ്ങള്‍ പതിവായി ഉപയോഗിച്ചവരില്‍ കാണുന്ന രീതിയില്‍ പല്ലില്‍ കറപിടിച്ചിരുന്നു. കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളിയാണെന്ന് ക്രൈംബ്രാഞ്ച് സംശയിച്ചിരുന്നു. ഈ നിഗമനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. . മരിച്ചെന്ന് ഉറപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ശരീരം വിവിധ ഭാഗങ്ങളായി അറുത്തു മാറ്റുകയായിരുന്നു. അറുത്തുമാറ്റാന്‍ മൂര്‍ച്ചയേറിയ വസ്തുമാണ് ഉപയോഗിച്ചത്.