അങ്കമാലി: കടവരാന്തയിൽ ഉറങ്ങിക്കിടന്നയാളെ തലയിൽ കല്ലിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ടു മാസമായിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്. അങ്കമാലി പോലീസ് സ്റ്റേഷനു തൊട്ടു മുൻപിലുള്ള കൂൾ പാർക്ക് എന്ന പഴക്കടയുടെ മുൻപിലാണ് ചാലക്കുടി കുറ്റിച്ചിറ ചാലപറമ്പൻ സത്യനെ (55) മാർച്ച് പതിനൊന്നിന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കടവരാന്തയിൽ ഉറങ്ങിക്കിടക്കവെ സമീപത്ത് റോഡിൽ വാഹനങ്ങൾക്ക് തടസം വച്ചിരുന്ന കല്ല് തലയിൽ എടുത്തിട്ടാണ് കൊല നടത്തിയത്. 13.5 കിലോഗ്രാം ഭാരമുള്ള കല്ലാണ് സത്യന്റെ തലയിൽ പതിച്ചിരുന്നത്. ശരീരത്തിൽ മറ്റു മുറിവുകളൊന്നുമുണ്ടായിരുന്നില്ല.വിരലടയാള വിദഗ്ദരും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ചോര വാർന്ന് പുല ർച്ചെ മൂന്നോടെയാണ് മരണം സംഭവിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു .
ഇരുപത് വർഷങ്ങളോളമായി അങ്കമാലി ടൗണിൽ ചെരുപ്പുകുത്തി ജോലി ചെയ്തു പോന്നിരുന്നയാളാണ് സത്യൻ.ജോലിക്കു ശേഷം കടവരാന്തകളിൽ മാറി മാറി കിടന്നുറങ്ങുകയായിരുന്നു പതിവ്.കൊലപാതകത്തിൽ സംശയം പ്രകടിപ്പിച്ച് പത്തിലധികം പേരെ അങ്കമാലി പോലീസ് ചോദ്യം ചെയ്തിരുന്നു. കട വരാന്തകളിൽ അന്തിയുറങ്ങിയിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോയത്.
ടൗണിലെയും സമീപത്തെ സ്ഥാപനങ്ങളുടെയും സിസിടിവി കാമറകൾ പ്രവർത്തിക്കാതിരുന്നത് പോലീസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. കസ്റ്റഡിയിലെടുത്തിരുന്നവർക്ക് സംഭവവുമായി നേരിട്ട് ബന്ധമില്ലെന്ന് കണ്ട് പിന്നീട് വിട്ടയച്ചിരുന്നു.
പ്രതിയെന്നു സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിരുന്നു.
കാസർഗോട് താമസിച്ചു വരുന്ന പ്രതിയെ അന്വേഷിച്ച് പോലീസ് എത്തിയെങ്കിലും പിടികൂടാനായില്ല. അങ്കമാലി പോലീസിന്റെ മൂക്കിനു താഴെ നടന്ന കൊലപാതകക്കേസിലെ പ്രതിയെ പിടികൂടാനാകാത്തത് പോലീസിന് നാണക്കേടുണ്ടാക്കിയിരിക്കയാണ്.