കൊച്ചി: വിവാഹ അഭ്യർഥന നിരസിച്ച യുവതിയുടെ കഴുത്തു മുറുച്ചു കൊല്ലാൻ ശ്രമം. കലൂർ ദേശാഭിമാനി ജംഗ്ഷനിലാണു സംഭവം. കോതമംഗലം സ്വദേശിനിയായ ചിത്തിരയെന്ന യുവതിക്കു നേർക്കാണ് യുവാവിന്റെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ ശ്യാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ ശേഷം സ്വദേശമായ കോതമംഗലത്തേക്കു രക്ഷപ്പെട്ട ഇയാളെ അറസ്റ്റ് ചെയ്തെന്നു നോർത്ത് പോലീസ് അറിയിച്ചു.
കഴുത്തിലും തുടയിലും തോളിലുമെല്ലാം പരിക്കേറ്റ യുവതിയെ പാലാരിവട്ടത്തേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴത്തിൽ മുറിവേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയ്ക്കു വിധേയമാക്കിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കലൂരിലെ സ്വകാര്യ ലബോറട്ടറിയിൽ ജീവനക്കാരിയായ യുവതി രാവിലെ 6.45 ഓടെ ജോലിക്കായി സ്ഥാപനത്തിലേക്കു പോകുന്ന വഴിയായിരുന്നു ആക്രമണമുണ്ടായത്.
യുവതി യാത്ര ചെയ്ത ഓട്ടോ തടഞ്ഞു നിർത്തിയ യുവാവ് പെയിന്റിംഗിനു മുൻപായി പുട്ടിയിടാൻ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. മൂന്നു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും അടുത്ത കാലത്തായി അകൽച്ചയിലായിരുന്നുവെന്നു പോലീസ് പറയുന്നു. വീട്ടിൽ വിവാഹ അഭ്യർഥന നടത്തിയെങ്കിലും അതു പെണ്കുട്ടി നിരസിച്ചതിന്റെ വൈരാഗ്യമാണു കഴുത്തു മുറിക്കാനുള്ള കാരണമെന്നു കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജി പറഞ്ഞു.