കോട്ടയം: വാക്കുതർക്കത്തെ തുടർന്നു അമ്മയും മകളും ചേർന്നു കുത്തിയ ഗൃഹനാഥന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.കൊല്ലാട് കൊല്ലൻ കവല, മരുതൂർ തങ്കച്ച(59)നാണ് കുത്തേറ്റു ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നത്. ഇയാൾക്കു ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നത്. തങ്കച്ചന്റെ വൻകുടലിനും പാൻക്രിയാസിനും മാരകമായ മുറിവാണു ഉണ്ടായിരിക്കുന്നത്.
ബോധരഹിതനായി കിടക്കുന്നതിനാൽ സംഭവവുമായി ബന്ധപ്പെട്ടു ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല. അതേസമയം കേസിലെ പ്രതികളായ മറിയപ്പള്ളിൽ, ആര്യനിവാസിൽ രാജി(45), മകൾ അഞ്ജലി(20) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികളെ ഇന്നലെ കൊല്ലാട്ടെ വാടക വീട്ടിൽ കൊണ്ടുവന്നു പോലീസ് തെളിവെടുത്തിരുന്നു. അഞ്ജലി കുത്താനുപയോഗിച്ച കത്രിക വീടിനുള്ളിൽ ഷെൽഫിലെ തുണികൾക്കിടയിൽ നിന്നും പോലീസിന് കാട്ടി കൊടുത്തു.പ്രതികൾ നാട്ടിൽ സ്ഥിരം പ്രശ്നക്കാരായിരുന്നുവെന്നാണ് അയൽവാസികൾ നൽകുന്ന വിവരം.
കൊല്ലാട്ട് എത്തുന്നതിന് മുൻപ് മൂലേടം കുന്നം പള്ളിയിൽ താമസിച്ചിരുന്ന ഇവർ അവിടെയും അയൽവാസികളുമായി നിരന്തരം ശല്യത്തിലായിരുന്നുവെന്നും പറയപ്പെടുന്നു. ഇരുവരെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്താനുള്ള ശ്രമത്തിലാണു പോലീസ്. ഇന്നും നാളെയുമായി മുന്പു ഇവർ താമസിച്ചിരുന്നിടത്തെ സ്ഥലങ്ങളിലാണു അന്വേഷണം നടത്തുന്നതെന്നു പോലീസ് പറഞ്ഞു.