കൊട്ടാരക്കര: മാനസിക വിഭ്രാന്തിയുള്ള മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. കൊട്ടാരക്കര പെരുങ്കുളം ചെറു കോട്ടുമത്തിൽ ജ്യോതിഷ പണ്ഡിതൻ തഴവ എസ്.എൻ. പോറ്റിയുടെ ഭാര്യ ശാന്താദേവി അന്തർജ്ജനം( 68) ആണ് മകൻ അശോകന്റെ (47 )വെട്ടേറ്റ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് സംഭവം .മാനസിക വിഭ്രാന്തിയുള്ള അശോകൻ പലപ്പോഴും ആക്രമണകാരിയാകാറുള്ളതായി പരിസരവാസികൾ പറയുന്നു. നാട്ടുകാരും പോലീസും ചേർന്ന് ഈ സമയങ്ങളിൽ ബലം പ്രയോഗിച്ച് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാറുള്ളതായും പറയുന്നു.
പുലർച്ചെ അശോകൻ കൈയിൽ കിട്ടിയ കൊടുവാളെടുത്ത് അമ്മയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തിനു ശേഷം പുറത്തിറങ്ങി ബഹളം വയ്ക്കുന്നതു കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തിയെങ്കിലും കൈയിൽ കൊടുവാളുമായി നിൽക്കുന്ന ഇയാളെ പിടികൂടാതെ മടങ്ങി. പിന്നീട് നാട്ടുകാർ അശോകനെ കീഴ്പ്പെടുത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് അമ്മയെ വെട്ടേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്. അശോകനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.