കോട്ടയം: അമ്മയും മകനും തനിച്ചു താമസിക്കുന്ന വീട്ടിൽ അർധ രാത്രിയിൽ ഒരാൾ എത്തിയത് ചോദ്യം ചെയ്ത അയൽവാസിക്ക് കുത്തേറ്റു. പരിയാരത്ത് ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. കുത്തേറ്റ പരിയാരം കല്ലുപുരയ്ക്കൽ സജി (27) യെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് ഏഴ് കുത്തേറ്റിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സജിയെ ആശുപത്രിയിൽ എത്തിച്ചയുടൻ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഇപ്പോൾ സർജറി ഐസിയുവിലേക്ക് മാറ്റി.
നട്ടെല്ലിന്റെ ഭാഗത്ത് നാല് കുത്തും വയറിൽ മൂന്ന് കുത്തുമാണ് ഏറ്റിരിക്കുന്നത്. കുത്തിയതാര് എന്നതു സംബന്ധിച്ച് സജി പോലീസിന് മൊഴി നല്കിയിട്ടുണ്ട്. കുത്തേറ്റു കിടന്ന സജിയെ വാകത്താനം പോലീസ് ആണ് ആശുപത്രിയിൽ എത്തിച്ചത്. അമ്മയും മകനും പോലീസ് കസ്റ്റഡിയിലാണ്. ഏറെ നാളായി അയൽവാസികളുമായി അമ്മയും മകനും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. രാത്രിയിൽ എത്തിയ ആൾ സമീപവാസിയാണെന്നും ഇയാൾ് നിരീക്ഷണത്തിലാണെന്നും വാകത്താനം പോലീസ് പറഞ്ഞു.