എരുമേലി : കോട്ടയം കോടിമത ഐഡ ജംഗ്ഷനിൽ ലക്ഷ്യ സിവിൽ സർവീസ് അക്കാദമി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ കഴിഞ്ഞ മാസം 18 ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടത് എരുമേലിയിൽ ജോലിക്കായി സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന കൊൽക്കത്ത സ്വദേശിയായ പുഷ്നാഥ് സൈബിയാ (29) എന്ന യുവാവ് ആണെന്നാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇയാളെ എരുമേലിയിൽ നിന്നും കൂട്ടിക്കൊണ്ടുപോയ ആൾ ആണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളിയാണ് ഇയാളും.
പുഷ്നാഥിനെ കാണാനില്ലെന്ന് ഇന്നലെ എരുമേലി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതോടെയാണ് കൊലക്കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി മാറിയത്. എരുമേലി പഞ്ചായത്ത് ഓഫീസിന്റെ സമീപത്ത് വാടക കെട്ടിടത്തിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു പുഷ്പനാഥും ബംഗാളി യുവാക്കളും. പുഷ്നാഥിനെ ഒരു സുഹൃത്ത് 21 ദിവസം മുന്പ് എവിടേക്കോ കൂട്ടിക്കൊണ്ടുപോയെന്നും പിന്നെ തിരിച്ചു വന്നില്ലന്നും രണ്ട് ദിവസത്തിന് ശേഷം പുഷ്നാഥിന്റെ മൊബൈൽ ഫോണ് സ്വിച്ച്ഡ് ഓഫായെന്നും സ്വദേശത്തു ചെന്നിട്ടില്ലെന്നും ആണ് യുവാക്കൾ ഇന്നലെ എരുമേലി പോലീസിൽ പരാതി നൽകി അറിയിച്ചത്.
പുഷ്നാഥിന്റെ ഫോട്ടോ എരുമേലി പോലീസ് വിവിധ സ്റ്റേഷനുകളിലേക്ക് ഇന്നലെ അയച്ച് മണിക്കൂറുകൾക്കകം കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും വിളിയെത്തുകയായിരുന്നു. ഫോട്ടോയിലുള്ള ആളാണ് കോടിമതക്ക് സമീപം കൊല്ലപ്പെട്ടതെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു . എരുമേലി സ്റ്റേഷനിൽ പരാതി നൽകിയ ബംഗാളി യുവാക്കളെ ഇന്നലെ രാത്രിയിൽ തന്നെ കോട്ടയത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഇവർ മൃതദേഹം തിരിച്ചറിഞ്ഞു.
കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നെഞ്ചിൽ കന്പി കുത്തിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. കോടിമത ശിവശൈലത്തിൽ മണികണ്ഠന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. മൃതദേഹത്തിൽ നെഞ്ചിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹത്തിന്റെ സമീപത്തെ ചെരുപ്പിൽ നിന്നും പോലീസ് നായ മണം പിടിച്ച് കെട്ടിടത്തിന്റെ പല സ്ഥലത്തും തുടർന്ന് എൽ ഐ സി ഓഫീസിന് സമീപം വരെ ഓടിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.
തലേദിവസം രാത്രിയിലുണ്ടായ ഇടിമിന്നലും മഴയും മൂലം ലക്ഷ്യ അക്കാദമിയിലെ സിസി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു. ഇത് മൂലം കേസന്വേഷണത്തിൽ പ്രതികളുടേതായ ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിയുന്ന തെളിവുകൾ ഇല്ലാതിരുന്നതും കൊല്ലപ്പെട്ടയാളുടെ മൊബൈൽ ഫോണ്, പേഴ്സ് തുടങ്ങിയവ മൃതദേഹത്തിൽ ഇല്ലാതിരുന്നതും കേസന്വേഷണം വഴിമുട്ടിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാല് ഇതര സംസ്ഥാന തൊഴിലാളികളെയും ട്രാൻസ്ജെൻഡറുകളായ മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.