കോട്ടയം: യുവാവിനെ മർദിച്ച് പൊട്ടക്കിണറ്റിൽ തള്ളിയിട്ടെന്ന സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. കിണറ്റിൽ വീണയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേ സമയം യുവാവിനെ കിണറ്റിൽ തള്ളിയിട്ടുവെന്ന് മർദിച്ചവർ മൊഴി നല്കിയിട്ടുമുണ്ട്. ഇന്ന് വിശദമായ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം.
തിരുനക്കരയിലെ ബിഎസ്എൻഎൽ ഓഫീസിന് പുറകിലെ ആളൊഴിഞ്ഞ പറന്പിലാണ് യുവാവിനെ തളളിയിട്ടുവെന്നു പറയുന്ന പൊട്ടക്കിണർ. തെങ്ങുകയറ്റ തൊഴിലാളിയായ പാന്പാടി സ്വദേശി ബൈജുവിനെ (കൊച്ചുമോൻ-46) കിണറ്റിൽ തള്ളിയിട്ടുവെന്ന് ഒരു യുവതിയാണ് ആദ്യം വെസ്റ്റ് സ്റ്റേഷനിലെത്തി അറിയിച്ചത്.
കടത്തിണ്ണകളിൽ താമസിക്കുന്നവർ തമ്മിലുള്ള തർക്കത്തിനിടെയാണ് സംഭവം. ബിന്ദു എന്ന യുവതിയാണ് പോലീസിനെ ഇക്കാര്യം അറിയിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം പുറത്തുവരുന്നത്. ഇതേത്തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് കിണറ്റിൽ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി വൈകിയും ഫയർഫോഴ്സിന്റെ പരിശോധന തുടർന്നെങ്കിലും ആരെയും കണ്ടെത്താനായില്ല.
കിണർ വറ്റിച്ചെങ്കിലും ചെളിമൂലം പരിശോധന പൂർത്തിയാക്കാനായില്ല. മാത്രമല്ല കിണർ ഇടിയുന്നുമുണ്ടായിരുന്നു. അതിനാൽ രാത്രി പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഇന്നു രാവിലെ വീണ്ടും പരിശോധന തുടരുകയാണ്.
സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ : ബുധനാഴ്ച രാത്രിയിൽ മൂന്ന് യുവാക്കൾ ഒരൂ യുവതിയുടെ അടുത്തെത്തി.
തുടർന്ന് ് യുവതിയെച്ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ പാന്പാടി സ്വദേശി ബൈജുവിനെ മറ്റു രണ്ടു പേർ ചേർന്ന്് കന്പിവടിക്കടിച്ച് കിണറ്റിൽ തള്ളിയെന്നാണ് പറയുന്നത്. കുമരകം സ്വദേശി സഞ്ജയൻ, കൂട്ടിക്കൽ സ്വദേശി സന്തോഷ് എന്നിവർ ചേർന്ന് ബൈജുവിനെ തല്ലി അവശനാക്കി കിണറ്റിൽ തള്ളിയെന്നാണ് മൊഴി.
ഇതിന്റെ അടിസ്ഥാനത്തിൽ സഞ്ജയനെയും സന്തോഷിനെയും ചിങ്ങവനം പരുത്തുംപാറയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലുള്ള ഇവർ കുറ്റം സമ്മതി്ച്ചിട്ടുണ്ട്. അടിപിടി നടന്നതിന്റെ ലക്ഷണം സ്ഥലത്ത് കണ്ടെത്തി. രക്തക്കറയും കിണറിന് സമീപം കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. വെസ്റ്റ് സിഐ നിർമൽ ബോസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നു.