കോട്ടയം: ഭാര്യയുടെ കണ്മുന്നിൽവച്ച് ഗൃഹനാഥനെ കുത്തിക്കൊന്നകേസിൽ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ വെള്ളൂത്തുരുത്തി പെരുഞ്ചേരിക്കുന്നിനു സമീപം കുന്നേൽ ആഷ്ലി സോമന് (മോനിച്ചൻ, 39) 25ന് ശിക്ഷ വിധിക്കും.
കോട്ടയം ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കഴിഞ്ഞ ദിവസം ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് പ്രതിയെ കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിലടച്ചു. 2011 ജൂലൈ 24ന് ചിങ്ങവനത്തിനുസമീപം കുഴിമറ്റം പെരിഞ്ചേരിക്കുന്ന് കോളനിയിൽ തടത്തിൽ ശിവ ശൈലത്തിൽ കുമാര(47)നെ പ്രതി കുത്തിക്കൊന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
കുമാരന്റെ ഭാര്യ സരോജം വീടിനു പിന്നിൽനിന്നു തുണി അലക്കുന്പോൾ മദ്യപിച്ച് കുമാരന്റെ വീട്ടിലെത്തിയ ആഷ്ലി കുമാരനുമായി വഴക്കുണ്ടാക്കി. വഴക്കുകേട്ട് വീടിന്റെ മുൻഭാഗത്തേക്ക് എത്തിയ സരോജം കാണുന്നത് കഠാര കൊണ്ടു കുമാരനെ കുത്തിയശേഷം ഓടിപ്പോകുന്ന ആഷ്ലിയേയാണ്.
നാട്ടുകാർ കുമാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേസ്തിരിപ്പണിക്കാരനായ കുമാരൻ തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയം ഈയക്കുഴി കോളനിയിൽ അപ്പുക്കുട്ടന്റെ മകനാണ്. കുറേക്കാലമായി നാട്ടകം കാക്കൂർ ഭാഗത്ത് താമസിച്ച കുമാരൻ കൊല്ലപ്പെടുന്നതിന് നാലുമാസം മുന്‍പാണു കുഴിമറ്റത്ത് വീട് വാങ്ങി താമസം തുടങ്ങിയത്.
ചിങ്ങവനത്തും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ആഷ്ലി നാട്ടുകാരെ ഭീഷണിപ്പെടുത്തിയാണു കച്ചവടം നടത്തിയിരുന്നത്. ചിങ്ങവനം അഡീഷണൽ എ എസ്ഐ ആയിരുന്ന പി.വി. പുഷ്പനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.