മാവേലിക്കര: യുവതിയെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തെക്കേക്കര ഉന്പർനാട് സരസമ്മ വിലാസത്തിൽ ബിനേഷ് കുമാറിന്റെ ഭാര്യ ലിജിമോളെയാ(30)ണു ബന്ധുവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബിനേഷിന്റെ മാതൃസഹോദരിയുടെ പൊന്നേഴ പുല്ലേലിൽ വീട്ടിലായിരുന്നു ലിജിമോൾ താമസിച്ചിരുന്നത്.
നാലു മാസം പ്രായമുള്ള മകൾക്കു പാൽ നൽകിയ ശേഷം ഇന്നലെ രാവിലെ ഏഴരയോടെ തുണി കഴുകാനായി കിണറിനു സമീപത്തേക്കു പോയ ലിജിമോളെ ഏറെ നേരമായിട്ടും കാണാത്തതിനെത്തുടർന്നു നോക്കിയപ്പോഴാണു കിണറ്റിൽ മരിച്ചനിലയിൽ കാണ്ടത്.
മാന്നാർ കുട്ടംപേരൂർ ലീലാഭവനം കുടുംബാംഗമായ ലിജിമോളെ പ്രസവത്തിനു ശേഷമുണ്ടായ തർക്കത്തെത്തുടർന്ന് ബന്ധുക്കളെ കാണാൻ ബിനീഷ് അനുവദിക്കാറില്ലായിരുന്നുവെന്നും ഫോണ്‍പോലും പിടിച്ചുവച്ചിരിക്കുകയായിരുന്നെന്നും ലിജിമോളുടെ ബന്ധുക്കൾ കുറത്തികാട് പോലീസിനോടു പറഞ്ഞു.
ബുധനാഴ്ച പൊന്നേഴയിലെ വീട്ടിൽ വന്ന ലിജിമോളുടെ ബന്ധുക്കളുമായി ബിനേഷ് ഉടക്കിയിരുന്നതായും ഇവർ ആരോപിക്കുന്നു. ഇതിനുശേഷം ലിജി കിണറ്റിൽ വീണു ഗുരുതരാവസ്ഥയിലായതായി അറിയിക്കുകയായിരുന്നു. മരണത്തിൽ സംശയമുള്ളതായും കടുത്ത മാനസിക പീഡനമാണ് ലിജിക്ക് ഏൽക്കേണ്ടി വന്നിരുന്നതെന്നും ലിജിയുടെ ബന്ധുക്കൾ പോലീസിൽ കൊടുത്ത മൊഴിയിൽ പറയുന്നു.
വിവാഹത്തിനു ശേഷം തെക്കേക്കര വില്ലേജ് ഓഫീസിനു സമീപമുള്ള വാടകവീട്ടിൽ താമസിച്ചു വന്നിരുന്ന ബിനീഷ് പ്രസവത്തിനുശേഷം ലിജിമോളെ പൊന്നേഴയിലെ ബന്ധുവീട്ടിൽ താമസിപ്പിക്കുകയായിരുന്നു. ബിനീഷിനെതിരേ സ്ത്രീധന പീഡനത്തിനു കേസെടുത്തതായി പോലീസ് അറിയിച്ചു. ബിനീഷിനെ കുറത്തികാട് പോലീസ് കസ്റ്റഡിയിൽ എടുത്തു.