ചങ്ങനാശേരിയില്‍ വീട്ടമ്മയുടെ മാല മോഷ്ടിക്കുന്നതിനിടെ വെട്ടേറ്റ പ്രതി പിടിയില്‍

moshanamചങ്ങനാശേരി: ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടമ്മയെ ആക്രമിച്ചു അഞ്ചു പവന്റെ സ്വര്‍ണമാല കവര്‍ന്നു സ്‌കൂട്ടറില്‍ രക്ഷപ്പെട്ട പ്രതി പിടിയില്‍. ചങ്ങനാശേരി ചെത്തിപ്പുഴ കൂനന്താനം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

മാമ്മൂട് ചൂരനോലിക്കല്‍ ഭാഗത്ത് തിനപ്പറന്പില്‍ പരേതനായ കോശിയുടെ ഭാര്യ അന്നമ്മ (കുഞ്ഞമ്മ75) ആണ് ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുന്നതിനിടയില്‍ ഇയാളെ വീട്ടമ്മ കറിക്കത്തിക്കു വെട്ടിയിരുന്നു. കൈത്തണ്ടയില്‍ മുറിവേറ്റ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ചാണ് ഇയാള്‍ മാല പറിക്കാന്‍ എത്തിയത്. ഇയാളുടെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു.

കോട്ടയം പോലീസ് ചീഫ് എന്‍.രാമചന്ദ്രന്റെ നിര്‍ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി ഡി.അജിത്, സിഐ ബിനു വര്‍ഗീസ്, എഎസ്‌ഐ കെ.കെ.റെജി എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ചൊവ്വാഴ്ച രാവിലെ 9.30ന് മാമ്മൂടിനടുത്ത് ചൂരനോലിക്കല്‍ ഭാഗത്താണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ യുവാവ് വീടിന്റെ സമീപത്ത് വാഹനം പാര്‍ക്ക് ചെയ്തശേഷം വീട്ടിനുമുന്പിലേക്ക് വന്നു. അടുക്കളയില്‍ കപ്പപൊളിച്ചു കൊണ്ടിരുന്ന അന്നമ്മ ശബദംകേട്ട് വീടിന്റെ വാതില്‍ തുറന്നു. കതക് തുറന്ന ഉടന്‍ മോഷ്ടാവ് അന്നമ്മയെ കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേക്ക് കൊണ്ടുപോയി മാല പൊട്ടിച്ചെടുത്തു. വീട്ടമ്മ എതിര്‍ത്തപ്പോള്‍ മോഷ്ടാവ് അക്രമിക്കുകയും ബഹളവച്ചപ്പോള്‍ വായ് പൊത്തുകയും ചെയ്തു.

വീട്ടിനുള്ളില്‍ ബഹളംകേട്ട് റോഡിലൂടെ പോയ മത്സ്യകച്ചവടക്കാരി മോഹിനി ജനാലയിലൂടെ വീടിനുള്ളിലേക്ക് നോക്കി. അന്നമ്മയെ ഒരാള്‍ അക്രമിക്കുന്നതുകണ്ട് മോഹിനിയും അലറിവിളിച്ചു. ഇതിനിടയില്‍ വീട്ടില്‍നിന്നും മോഷ്ടാവ് ഇറങ്ങി ഓടി. പിന്നാലെ ഓടിയെത്തിയ അന്നമ്മ കൈയിലുണ്ടായിരുന്ന കറിക്കത്തികൊണ്ട് സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിന്റെ ഇടതുകൈക്ക് വെട്ടി. കൈക്ക് പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവ് രക്ഷപ്പെട്ട സ്‌കൂട്ടറിന്റെ നന്പര്‍ മോഹിനി പോലീസിന് കൈമാറിയിരുന്നു. മകന്‍ ടോമിച്ചനും കുടുംബവും വിദേശത്തായതിനാല്‍ അന്നമ്മ തനിച്ചാണ് താമസിക്കുന്നത്.

Related posts