മട്ടന്നൂർ: ബൈക്കിലെത്തിയ സംഘം കാർ തകർത്തു നാലു സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒൻപത് ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു.
ഇന്നലെ വൈകുന്നേരം 3.15 ഓടെ മട്ടന്നൂർ -ഇരിട്ടി റോഡിൽ പഴയ മദ്യഷോപ്പിനു സമീപത്തുണ്ടായ സംഭവത്തിൽ കൈയ്ക്കും വയറിനും വെട്ടേറ്റ പുലിയങ്ങോട്, ഇടവേലിക്കൽ സ്വദേശികളായ പി. ലനീഷ് (32), പി. ലതീഷ് (28), ടി.ആർ.സായൂഷ് (34), എൻ.ശരത്ത് (28) എന്നിവർക്കാണ് വെട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ ലനീഷ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും മറ്റുള്ളവർ കണ്ണൂർ എകെജി ആശുപത്രിയിലും ചികിൽസയിലാണ്. പരിക്കേറ്റവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചതിനു ശേഷം അക്രമികളിൽ നാലുപേർ ഒരു ബൈക്കിൽ കയറി പോകുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്.
സിപിഎം പ്രവർത്തകർ ഇരിട്ടി ഭാഗത്തു നിന്നു മട്ടന്നൂർ ടൗണിലേക്ക് വരുന്നതിനിടെ ബൈക്കിലെത്തിയ സംഘം കാറിനു കുറുകെ ബൈക്കിടുകയും ആക്രമിക്കുകയുമായിരുന്നുവത്രെ. കാർ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഘം വാൾ ഉപയോഗിച്ചു കാറിനു തുരുതുര വെട്ടുകയും കാറിന്റെ ഗ്ലാസുകൾ അടിച്ചു തകർക്കുകയും കാറിലുണ്ടായിരുന്ന നാലു പേരെയും വെട്ടുകയായിരുന്നുവെന്നു പറയുന്നു.
സംഭവത്തിനു ശേഷം അക്രമികൾ ഒരു ബൈക്ക് സംഭവ സ്ഥലത്തും വെട്ടാൻ ഉപയോഗിച്ച വാൾ ആശ്രയ ഹോസ്പിറ്റലിനു സമീപം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നുവത്രെ. രക്തപുരണ്ട വാളും ബൈക്കും പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത വാൾ ഇന്നു ഫോറൻസിക് വിഭാഗമെത്തി പരിശോധിക്കും. ഇതിനിടെ സിപിഎം പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചുവെന്നു പറഞ്ഞു ബിജെപി, ആർഎസ്എസ് പ്രവർത്തകരായ 3 പേർ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നുണ്ട്.
കൈക്കും തലയ്ക്കും വെട്ടേറ്റ നെല്ലൂന്നിയിലെ പി.വി.സച്ചിൻ (24), മട്ടന്നൂർ കൊക്കയിയെ കെ.വി.സുജി (21), നീർവേലിയിലെ പി.വി.വിജിത്ത് (20) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു ബൈക്കുകളിലായി ഇരിട്ടി ഭാഗത്തേക്ക് പോകുന്നതിനിടെ കാറിലെത്തിയ സിപിഎം പ്രവർത്തകർ ബൈക്കു തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നു ബിജെപി നേതൃത്വം അറിയിച്ചു.
ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് പരിക്കേറ്റതിനെക്കുറിച്ചു അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു. സംഭവം അറിഞ്ഞു ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, മട്ടന്നൂർ സിഐ ജോഷി ജോസ്, എസ്ഐ ശിവൻ ചോടോത്ത് എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു.