കാട്ടാക്കട : കാട്ടാക്കടയിൽ റബർ പുരയിടത്തിൽ കണ്ടെത്തിയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടെ താമസിച്ചയാളിനേയും അജ്ഞാതനേയും കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ പോലീസ് . പേരൂർക്കട സ്വദേശിയായ മായാമുരളിയാണ് മരിച്ചത്.
പേരൂർകട ഹാർവിപുരം കോളനിയിൽ നിന്നും കാട്ടാക്കട മുതിയാവിളയിൽ രണ്ടുമാസം മുമ്പ് രജിത്ത് എന്നയാളുമൊത്ത് താമസത്തിനെത്തിയ മായാ മുരളി(37 ) യെയാണ് കഴിഞ്ഞ ദിവസം രാവിലെ പത്തര മണിയോടെ ഇവർ താമസിക്കുന്ന വീടിന്റെ സമീപത്ത് 100 മീറ്റർ മാറി റബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിരവധി കേസുകളിലെ പ്രതിയാണ് രജിത്ത് എന്ന് പോലീസ് പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് മായയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകി. രജിത്ത് തുടർച്ചയായി മർദ്ദിക്കാറുണ്ടെന്നും ഇവർ പറയുന്നു. കണ്ണിലും നെഞ്ചിലും പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടത്.
വീട്ടിൽ നിരന്തരം വഴക്കും ബഹളവും കേട്ടിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട് .അജ്ഞാതനായ ഒരാൾ ഇടയ്ക്കിടെ ഈ വീട്ടിൽ വന്നുപോയതായും ചിലർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരാളുടെ വിവരം തങ്ങൾക്ക് അറിയില്ല എന്ന് മായയുടെ ബന്ധുക്കൾ പറയുന്നു.
എട്ടു വർഷം മുമ്പ് മായാ മുരളിയുടെ ആദ്യ ഭർത്താവ് അപകടത്തിൽ മരിച്ചിരുന്നു. അതിന് ശേഷം ഒരു വർഷം മുൻപാണ് കുടപ്പനക്കുന്ന് സ്വദേശി രജിത്തുമായി ഒരുമിച്ചു താമസം തുടങ്ങിയത്. രജിത്തുമായി ബന്ധം തുടങ്ങിയത് വീട്ടുകാർ എതിർത്തിരുന്നു. തുടർന്നാണ് രണ്ടു കുട്ടികളേയും ഉപേക്ഷിച്ച് ഇവർ രജിത്തുമായി വീട് വിട്ടറങ്ങിയത്.
പേരൂർക്കടയിൽ താമസിക്കുന്നതിനിടെ മായയുടെ മക്കൾ തങ്ങളുടെ അമ്മയെ രജിത്ത് ഉപദ്രവിക്കുന്നവെന്ന് കാട്ടി പേരൂർക്കട പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് മായയെ ബന്ധപ്പെട്ടുവെങ്കിലും അവർ സ്റ്റേഷനിൽ വരാൻ തയ്യാറായില്ല. തുടർന്നാണ് ഇവർ ഇവിടം വിട്ട് കാട്ടാക്കടയിൽ എത്തിയത്.