കൂത്തുപറമ്പ്: പാതിരിയാട് വാളാങ്കിച്ചാലിലെ സിപിഎം നേതാവ് കുഴിച്ചാൽ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇന്നു രാവിലെ 11.45 ഓടെയാണ് പോലീസ് കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടു കോടതിയിൽ കുറ്റപത്രം നല്കിയത്.
2016 ഒക്ടോബർ 10 ന് രാവിലെയാണ് സിപിഎം പടുവിലായി ലോക്കൽ കമ്മിറ്റി അംഗവും വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറിയും കള്ളുഷാപ്പ് ജീവനക്കാരനും കൂടിയായ മോഹനനെ (53) ജോലിയ്ക്കിടെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. ആർഎസ് എസ്, ബിജെപി പ്രവർത്തകരായ 16 പേരാണ് കേസിലെ പ്രതികൾ. ഇവരിൽ പന്ത്രണ്ട് പേർ ഇതിനകം അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു.
കുരിയോട്ടെ വി.കെ. രാഹുൽ (23), രൂപേഷ് രാജ് (23), പാതിരിയാട്ടെ നവജിത്ത് (23), മിനീഷ് (32), പടുവിലായിയിലെ സി.സായൂജ് (24), സജേഷ് (36), ഓടക്കാട്ടെ എം.രാഹുൽ (23), പി.വി.പ്രിയേഷ് (24) പാതിരിയാട്ടെ വിപിൻ (37), ചക്കരക്കൽ തലമുണ്ടയിലെ ടി.കെ.റിജിൻ (25), കീഴത്തൂരിലെ എം.ആർ.ശ്രീനിലേഷ് (25), മാഹി ചെമ്പ്രയിലെ ഇ.സുബീഷ് (31), പിണറായി പുത്തങ്കണ്ടത്തെ പ്രണൂ ബാബു (32), ചേരിക്കലിലെ സുർജിത് (30), ജിതേഷ് (32), ധർമ്മടത്തെ എൻ.ലനീഷ് (34) എന്നിവരാണ് കേസിലെ പ്രതികൾ.ഇവരിൽ ആറു പേരാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായതെന്ന് കണ്ടെത്തിയിരുന്നു.
രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നാണ് പ്രതികൾ മോഹനനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.വാൾകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെങ്കിലും സംഭവ സമയം പ്രതികളുടെ കൈവശം ബോംബുകൾ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസിൽ ഇ.എസ്.ആക്ട് ( സ്ഫോടക വസ്തു ഉപയോഗം)വഉൾപ്പെടുത്തിയത്.വഈ ബോംബുകൾ പിന്നീട് കണ്ടെടുക്കുകയും ചെയ്തു. ഇ.എസ്.ആക്ട് ഉൾപ്പെടുന്ന കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് ജില്ലാ കളക്ടറുടെ അനുമതി വാങ്ങണമെന്നതാ
ണ് നിയമമെന്നതിനാൽ ഈ കേസിൽ ജില്ലാ കളക്ടറുടെ അനുമതിയും ലഭിച്ചിരുന്നു. സംഭവത്തിനു ശേഷം സിഐമാരായ കെ.എസ്.ഷാജി, കെ.പി.സുരേഷ് ബാബു, യു.പ്രേമൻ, എന്നിവരും ഏറ്റവും ഒടുവിലായി ഇപ്പോഴത്തെ സിഐ ടി.വി.പ്രദീഷുമാണ് വിവിധ ഘട്ടങ്ങളിലായി കേസന്വേഷണ ചുമതല വഹിച്ചത്. തലശേരി ജില്ലാ കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ നടക്കുക. കേസിൽ 130 സാക്ഷികളാണുള്ളത്. 802 പേജുള്ളതാണ് കുറ്റപത്രം.