മൂവാറ്റുപുഴ: അമ്മയെ മകൻ കൊലപ്പെടുത്തിയെന്ന സംശയത്തേത്തുടർന്ന് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി.കഴിഞ്ഞ 29-നാണ് മാറാടിയിലുള്ള 61 വയസുള്ള വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്ന് കരുതി ബന്ധുക്കൾ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്തു. മകനുമൊത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു വീട്ടമ്മ.
രാവിലെ 10.30 ഓടെ വീടിനുള്ളിൽ നിലത്ത് മരിച്ച് കിടക്കുന്നതായിട്ടാണ് സമീപത്തു താമസിക്കുന്ന മറ്റ് മക്കൾക്ക് വിവരം ലഭിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ ഉള്ളതിനാൽ സ്വാഭാവിക മരണമാണെന്ന് കരുതി മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഇതിനിടെ മരണത്തിൽ ദുരൂഹതയുള്ളതായി കാണിച്ച് ഒരു കത്ത് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതോടെയാണ് സംഭവത്തിന്റെ ഗതി മാറിയത്.
ഇതേത്തുടർന്ന് ഇന്ന് രാവിലെ പുറത്തെടുത്ത മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് ആർഡിഒയുടെ സാന്നിധ്യത്തിൽ പോലീസ് സർജൻ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. അതേ സമയം, കത്ത് വ്യാജമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ മകനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.