മരട്/കൊച്ചി: നെട്ടൂരിൽ യുവാവിനെ കൊന്ന് മൃതദേഹം കല്ലുകെട്ടി ചെളിയിൽ താഴ്ത്തിയ സംഭവത്തിൽ പിടിയിലായ സുഹൃത്തുക്കളെ റിമാൻഡ് ചെയ്തു. കുന്പളം മാന്തനാട്ട് എം.എസ്. വിദ്യന്റെ മകൻ എം.വി. അർജുൻ (20) കൊല്ലപ്പെട്ട സംഭവത്തിൽ നെട്ടൂർ കുന്നലക്കാട്ട് റോണി (23), കുന്പളത്ത് വാടകയ്ക്ക് താമസിക്കുന്ന നെട്ടൂർ സ്വദേശി മാളിയേക്കൽ നിബിൻ (20), കുന്പളം തട്ടാശേരിൽ അജിത്കുമാർ (22), നെട്ടൂർ കളപ്പുരയ്ക്കൽ അനന്തു (21), പ്രായപൂർത്തിയാകാത്ത മറ്റൊരു സുഹൃത്ത് എന്നിവരെയാണു പനങ്ങാട് പോലീസ് ഇന്നലെ അറസ്റ്റുചെയ്തത്.
ഇതിൽ പ്രായപൂർത്തിയായ പ്രതികളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തപ്പോൾ പ്രായപൂർത്തിയാകാത്ത കൗമാരക്കാരനെ ജുവനൈൽ ഹോമിലേക്കു മാറ്റി. ബുധനാഴ്ച വൈകുന്നേരം നാലരയോടെ നെട്ടൂർ മേൽപ്പാലത്തിനു വടക്ക് ഒരു കിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിന് സമീപം ആൾ താമസമില്ലാത്ത ഭാഗത്ത് ചെളിയിൽ താഴ്ത്തിയ നിലയിൽ പ്രദേശവാസികളാണു മൃതദേഹം കണ്ടത്.
പ്രതികളിൽ ചിലർ യുവാവിനെ വീട്ടിൽനിന്നു വിളിച്ചിറക്കികൊണ്ടുപോയി മണിക്കൂറുകൾക്കുള്ളിൽ കൃത്യം നടത്തുകയായിരുന്നുവെന്നാണു അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. പ്രതികളിൽ പ്രായപൂർത്തിയാകാത്തയാൾ വഴി അർജുനെ നെട്ടൂർ പാലത്തിൽ എത്തിച്ചു. പ്രായപൂർത്തിയാകാത്തയാളെ പറഞ്ഞുവിട്ടശേഷം അർജുനെയുമായി പ്രതികൾ പേട്ടയിലെത്തി.
രാത്രിയോടെ ഇവർ തിരികെ നെട്ടൂർ കായലോരത്തിന് ചേർന്നുള്ള ആളൊഴിഞ്ഞ പറന്പിൽ എത്തുകയും പട്ടിക കഷണം ഉപയോഗിച്ച് റോണിയും നിബിനും ചേർന്ന് അർജുന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അജിത്തും അനന്തുവും ഇതു നോക്കിനിന്നു. മദ്യലഹരിയിലായിരുന്ന പ്രതികൾ കൃത്യം നടത്തിയശേഷം മടങ്ങിപ്പോയി. പിറ്റേന്ന് തിരികെ വന്നപ്പോൾ ചെളിയിൽ പൂണ്ട നിലയിൽ കിടക്കുകയായിരുന്ന മൃതദേഹം കല്ലു കെട്ടി ചെളിയിൽ താഴ്ത്തുകയായിരുന്നുവെന്നുമാണു പോലീസിന്റെ കണ്ടെത്തൽ.
അന്വേഷണത്തിന്റെ ഭാഗമായി ആദ്യം ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചപ്പോഴും തങ്ങൾക്ക് ഒന്നും അറിയില്ല എന്ന മട്ടിലായിരുന്നു പ്രതികളായ സുഹൃത്തുക്കൾ പോലീസിനോടു പ്രതികരിച്ചത്. കൊല്ലപ്പെട്ട അർജുന്റെ മൊബൈൽ ഫോണ് ലൊക്കേഷൻ മാറി മാറി വന്നുകൊണ്ടിരുന്നതും തുടക്കത്തിൽ പോലീസിനെ കുഴക്കി.
അർജുൻ ജീവനോടെ ഉണ്ടാവുമെന്നെ ധാരണ പരക്കാനും ഇത് കാരണമായി. അർജുനെ അപായപ്പെടുത്തിയിരിക്കാം എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു മറ്റു സുഹൃത്തുക്കൾ നടത്തിയ നീക്കങ്ങളിലും അന്വേഷണത്തിലുമാണ് ഒൻപതാം നാൾ അരുംകൊലയുടെ ചിത്രം തെളിഞ്ഞുവന്നത്.
ബുധനാഴ്ച മൃതദേഹം വെള്ളത്തിന് മുകളിൽ പൊങ്ങിയതോടെയാണ് കൊലപാതകം പുറത്തായത്. കഴിഞ്ഞ രണ്ടിന് അർജുനെ കാണാനില്ലെന്നു കാട്ടി കുടുംബാംഗങ്ങൾ പനങ്ങാട് പോലീസിൽ പരാതി നൽകിയിരുന്നു. അർജുന്റെ സുഹൃത്തുക്കളായ റോണി, നിബിൻ എന്നിവരെ സംശയിക്കുന്നതായും പരാതിയിൽ പറഞ്ഞിരുന്നു.
എന്നാൽ പനങ്ങാട് പോലീസ് ഇവരെ വിളിച്ച് ചോദ്യം ചെയ്തു വിട്ടയയ്ക്കുകയാണുണ്ടായത്. ബുധനാഴ്ച അർജുന്റെ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തോടെ പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
ഒരു വർഷം മുൻപ് നിബിന്റെ സഹോദരൻ എബിനൊപ്പം അർജുൻ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നു. എബിൻ അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കോടെ ഏറെനാൾ അർജുൻ ചികിത്സയിലായിരുന്നു.
അർജുൻ നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോയി സഹോദരനെ അപായപ്പെടുത്തിയതാണെന്നു സംശയിച്ചിരുന്ന നിബിൻ പ്രതികാരമായി സുഹൃത്തുക്കളെയും കൂട്ടി കൊലപാതകം നടത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. അപകടത്തിനുശേഷം ദീർഘനാൾ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന അർജുൻ കുറച്ചുനാൾ മുന്പാണ് ആശുപത്രി വിട്ട് വീട്ടിലേക്കുവന്നത്.