മുംബൈ: അച്ഛന്റെ മരണത്തിൽ സംശയം തോന്നി മകൾ നടത്തിയ അന്വേഷണത്തിൽ അമ്മയും കാമുകനും കുടുങ്ങി. മുൻ സർക്കാർ ഉദ്യോഗസ്ഥനായ ചന്ദ്രപുർ സ്വദേശി മൂന്നു മാസം മുന്പാണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണമെന്നായിരുന്നു ധാരണ. സംഭവത്തിൽ ഭാര്യ രഞ്ജന രാംതെക്, കാമുകന് മുകേഷ് ത്രിവേദി എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് രഞ്ജന കാമുകന് മുകേഷിനെ ഫോണിൽ വിളിച്ച് പറഞ്ഞ ശബ്ദരേഖ കണ്ടെടുത്തതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
ഉറങ്ങുകയായിരുന്ന ഭർത്താവിനെ രഞ്ജന, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഹൃദയാഘാതം മൂലമാണ് ഭർത്താവു മരിച്ചതെന്ന് രഞ്ജന പറഞ്ഞുവിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന്, മൃതദേഹം സംസ്കരിക്കുകയും ചെയ്തു.അതേസമയം, അമ്മയുടെ പെരുമാറ്റത്തിൽ മകൾ ശ്വേതയ്ക്കു സംശയം തോന്നിയിരുന്നു. മൂന്നു മാസത്തിനു ശേഷം ശ്വേത അമ്മയെ കാണാനെത്തി.
ഫോൺ വിളിക്കാൻ അമ്മയുടെ ഫോൺ വാങ്ങിയപ്പോഴാണ് ശബ്ദരേഖ കണ്ടെടുക്കുന്നത്. ‘‘ഞാൻ അയാളെ തലയണകൊണ്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ബന്ധുക്കളെ വിളിച്ചു മരണവിവരം അറിയിക്കും.
അയാൾക്ക് ഹൃദയാഘാതം ഉണ്ടായെന്നു പറയും’’ – കൊല നടത്തിയതിനു തൊട്ടുപിന്നാലെ രഞ്ജന, കാമുകനുമായി സംസാരിച്ച ഈ സംഭാഷണമാണ് മകൾക്കു ലഭിച്ചത്.
തുടർന്ന്, ശബ്ദരേഖയുമായി ശ്വേത പൊലീസ് സ്റ്റേഷനിലെത്തി. പോലീസ് ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.