നാദാപുരം: വാണിമേൽ കോടിയൂറയിൽ കുടുംബ വഴക്കിനെ തുടർന്ന് യുവതിയും മക്കളും കിണറ്റിൽ ചാടുകയും കുട്ടികൾ മരിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.ഞായറാഴ്ച രാത്രി ഒന്‍പതര മണിയോടെ കുറുക്കൻ കണ്ടത്തിൽ ഹമീദിന്റെ ഭാര്യ ജെനീഫ, നാലര വയസ്സും ഒന്നര വയസ്സുമുള്ള രണ്ട് ആണ്മക്കളുമൊന്നിച്ചാണ് കിണറ്റിൽ ചാടിയത്.ജനീഫയെ നാട്ടുകാർ രക്ഷപെടുത്തിയെങ്കിലും രണ്ട് കുട്ടികൾ മരണമടയുകയായിരുന്നു.
പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജനീഫയിൽ നിന്ന് മൊഴിയെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. കുട്ടികളുടെ മരണ വാർത്ത അറിഞ്ഞ് അബോധാവസ്ഥയിലായ ജനീഫ ഐസിയുവിലാണ്.കേസ്സ് അന്വേഷിക്കുന്ന നാദാപുരം സിഐ പി.കെ.സന്തോഷും സംഘവും ചൊവ്വാഴ്ച്ച രാവിലെ കോടിയൂറയിലെ വീട്ടിലെത്തി പരിശോധന നടത്തി. ഇവിടെ ഉണ്ടായിരുന്ന കുടുംബാംഗങ്ങളിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അടുത്തിടെ വിദേശത്ത് നിന്നെത്തിയ ഭർത്താവുമായി കലഹം നടന്നതായും ഇവരുടെ കുടുംബകലഹത്തിന് കാരണമായ ചില നിർണായക വിവരങ്ങൾ ലഭിച്ചതായും പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജനീഫയുടെ ആരോഗ്യ സ്ഥിതി വീണ്ടെടുത്താലുടൻ ഇവരിൽ നിന്ന് മൊഴിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രിയിൽ പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്.