ഇരിട്ടി: കൊല്ലപ്പെട്ട നാടോടി യുവതിയുടെ മക്കളെയും പ്രതി കൊലപ്പെടുത്തിയതായി സംശയത്തെ തുടർന്ന് അന്വേഷണം കർണാടക പോലീസിന് കൈമാറി. ഇരിട്ടി പഴയ പാലത്ത് കർണാടക സ്വദേശിനിയായ നാടോടി യുവതിയെ കഴുത്ത്് ഞെരിച്ച് ബോധം കെടുത്തിയ ശേഷം പൊട്ടകിണറ്റിലിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ തുടരന്വേഷണം കർണാടക പോലീസിന് കൈമാറുമെന്ന് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ രാഷ്്ട്രദീപികയോട് പറഞ്ഞു.
മാണ്ഡ്യ സ്വദേശി ശോഭ (25)യെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ സഹോദരി ഭർത്താവ് തുംകൂർ സ്വദേശി മഞ്ജുനാഥി (45)നെ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശോഭയുടെ കൊലപാതകം നടന്ന കഴിഞ്ഞ മാസം 15ന് രാവിലെ പ്രതി മഞ്ജുനാഥ് ശോഭയുടെ ആറുവയസുള്ള മകൻ ആര്യനെയും നാല് വയസുള്ള മകൾ അമൃതയെയും കൂട്ടി ഇരിട്ടി ബസ്സ്റ്റാൻഡിലേക്കു പോകുന്ന സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
എന്നാൽ ഈ കുട്ടികളെ താൻ കർണാടകയിലേക്ക് ട്രെയിൻ കയറ്റി വിട്ടെന്നാണ് പ്രതി പോലീസിനോട് പറഞ്ഞതെങ്കിലും പോലീസ് വിശ്വസിച്ചിട്ടില്ല. ശോഭയുടെ മക്കളെ ഇയാൾ കൊലപെടുത്തിയോ, അതോ നാട്ടിലെത്തിച്ചോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാനാണ് കർണാടക പോലീസിന്റെ സഹായം തേടുന്നതെന്ന് ഡിവൈഎസ്പി പറഞ്ഞു. ശോഭയെ കഴുത്ത് ഞെരിച്ച് കൊലപെടുത്താൻ ശ്രമിക്കുന്നതിനിടയിൽ മകൻ ആര്യൻ ഉണർന്നിരുന്നു.
ഈ വിരോധത്തെ തുടർന്ന് മക്കളെ ഇയാൾ കൊലപെടുത്തിയിരിക്കാമെന്ന സംശയവും പോലീസ് തള്ളികളയുന്നില്ല. ആര്യൻ ശബ്ദം കേട്ട് ഉണർന്നതായി പുഷ്പരാജ് തന്നെയാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ഈ കുട്ടിയെ കണ്ട് കിട്ടിയാൽ കേസിലെ സാക്ഷിയാക്കാനും കേസ് കോടതിയിൽ തെളിയിക്കാനും അന്വേഷണ സംഘത്തിന് കഴിയും. നാടോടികളായതിനാൽ കേരള പോലീസിന് തുടരന്വേഷണം സാധ്യമല്ല.
അറസ്റ്റിലായ പുഷ്പരാജിനെ തെളിവെടുപ്പിന് ശേഷം മട്ടന്നൂർ ജുഡീഷൽ ഒന്നാംക്ലാസ് കോടതി റിമാൻഡ് ചെയ്തു. ആത്മഹത്യയെന്ന കരുതി എഴുതി തള്ളിയ കേസ് തെളിയിക്കാൻ നേതൃത്വം നൽകിയ പ്രൊബേഷൻ എസ്ഐ എസ്. അൻഷാദിന് ഗുഡ് സർവീസ് എൻട്രിക്ക് ഡിവൈഎസ്പി ശിപാർശ ചെയ്തു.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മൃതദേഹം ചീഞ്ഞളിഞ്ഞതിനാലും മരിക്കുന്നതിന് മുന്പ് കിണറ്റിൽ ഇട്ടതിനാലും ആത്മഹത്യസാധ്യതയായിരുന്നു പരിയാരം മെഡിക്കൽ കോളജിലെ പോലീസ് ഫോറൻസിക് സർജൻ ചൂണ്ടിക്കാണിച്ചിരുന്നത്. എസ്ഐ ട്രെയിനിയെ കേസ് പഠിക്കാനായി ഡിവൈഎസ്പി ചുമതലപെടുത്തുകയും ഇദ്ദേഹത്തിന്റെ അന്വേഷണ മികവുമാണ് കൊലപാതകം തിരിച്ചറിയാനായത്.