ന്യൂഡൽഹി: വിവാഹം നിരസിച്ചതിനെത്തുർന്ന് 26 കാരിയായ യുവതിയെ യുവാവ് കൊലപ്പെടുത്തി. പശ്ചിമബംഗാൾ സ്വദേശിയായ മിത്തു ദാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് 43 വയസുകാരനായ ശരത്ത് ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മിത്തുവും ശരത്തിന്റെ ഭാര്യാ സഹോദരനായ മദൻ ദാസും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാൽ മദനനെ വിവാഹം കഴിക്കാൻ യുവതി തയ്യാറായില്ല. ഒരേ ഗ്രാമത്തിലാണ് ഇരുവരുടെയും വീട്. മിത്തു ഇടയ്ക്കിടയ്ക്ക് ഇവരുടെ വീട് സന്ദർശിക്കാറുണ്ട്. വെള്ളിയാഴ്ച രാത്രിയും മിത്തു ഇവരുടെ വീട്ടിൽ എത്തി.
രാത്രി ഭക്ഷണം കഴിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുന്പോൾ വിവാഹത്തിന്റെ പേരു പറഞ്ഞ് തർക്കങ്ങൾ ഉണ്ടായി. തർക്കം മൂത്തപ്പോൾ യുവതിയെ ശരത്ത് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തി ആദ്യം ആൾപ്പാർപ്പില്ലാത്ത പ്രദേശത്ത് ഉപേക്ഷിക്കാനായിരുന്നു തീരുമാനിച്ചത്. പിന്നീട് മരിച്ച ആളിനെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് കത്തിച്ചത്. മൃതദേഹം കിട്ടിയ സമയത്ത് ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. പ്രദേശത്തെ വീട്ടിൽ ഉണ്ടായ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അതിൽ യുവാവ് മൃതദേഹം വലിച്ചിഴയ്ക്കുന്നത് ഉണ്ടായിരുന്നു.
പിന്നീട് അയൽവാസികളാണ് ശരത്താണ് വീഡിയോയിൽ ഉള്ളതെന്ന് തിരിച്ചറിഞ്ഞത്. സംഭവം നടക്കുന്പോൾ മിത്തുവിന്റെ കാമുകനായ മദൻ വീട്ടിലുണ്ടായിരുന്നില്ല. എങ്കിലും കൊലപാതകവുമായി മദനന് എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു.