ലണ്ടൻ: ഏഴു നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും ആറു നവജാതരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്നു കണ്ടെത്തിയ നഴ്സ് ലൂസി ലെറ്റ്ബി(33)ക്ക് ഇംഗ്ലീഷ് കോടതി പൂർണ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
മരണം വരെ ജയിലിൽനിന്നു പുറത്തിറങ്ങാൻ അനുവദിക്കില്ല. കരുതിക്കൂട്ടി ഭയാനക കൊലപാതകങ്ങൾ നടത്തിയ പ്രതിക്ക് ഒരുവിധ കുറ്റബോധവുമില്ലെന്നു മാഞ്ചസ്റ്റർ ക്രൗൺ കോടതി ജഡ്ജി ജയിംസ് ഗ്രോസ് വിലയിരുത്തി.
വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ പ്രസവ വാർഡിൽ 2015നും 2016നും ഇടയ്ക്കാണു കുറ്റകൃത്യങ്ങൾ നടന്നത്.
രാത്രി ഷിഫ്റ്റിൽ ജോലിചെയ്തിരുന്ന നഴ്സ് ഇൻസുലിൻ കുത്തിവയ്ക്കൽ, വായു കുത്തിവയ്ക്കൽ, നിർബന്ധിച്ച് പാലു കുടിപ്പിക്കൽ തുടങ്ങിയ മാർഗങ്ങളിലൂടെയാണു കൊലപാതകങ്ങൾ നടത്തിയത്.
പ്രസവവാർഡിൽ അസ്വാഭാവിക മരണങ്ങളിൽ ഡോക്ടർമാർ പ്രകടിപ്പിച്ച സംശയമാണു പ്രതിയുടെ അറസ്റ്റിലേക്കു നയിച്ചത്.