കോട്ടയം: തോട്ടില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പള്ളിക്കത്തോട് പോലീസ്. പള്ളിക്കത്തോട് മുക്കാലി എലിമുള്ളില്‍ സണ്ണി (55)യെയാണു പാമ്പാടി-പള്ളിക്കത്തോട് റോഡിലെ മുക്കാലി ചപ്പാത്തിനു താഴെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തില്‍ സംശയിക്കത്തക്ക വിധത്തില്‍ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് പള്ളിക്കത്തോട് എസ്ഐ വി.എസ്. അനില്‍കുമാര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് എസ്ഐ പറഞ്ഞു. പാലത്തിനു താഴെ കമഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ നിരവധി പരിക്കുകളുണ്ടായിരുന്നു.
ഈ പരിക്കുകള്‍ പാലത്തില്‍നിന്നും താഴെ വീണുണ്ടായതാണെ ന്നു പോലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെ നാട്ടുകാരാണു മൃതദേഹം കണ്ടെത്തിയ വിവരം പള്ളിക്കത്തോട് പോലീസില്‍ അറിയിച്ചത്. ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ വളരെ വൈകിയാണു പ്രദേശവാസികള്‍ സംഭവമറിയുന്നത്. ഉടന്‍ തന്നെ സയന്റിഫിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊന്‍കുന്നം സിഐ, പള്ളിക്കത്തോട് എസ്ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസ് അന്വേഷണം നടത്തുന്നത്.