പള്ളിക്കത്തോട്: യുവാവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മരണപ്പെട്ട യുവാവിന്റെ ഭാര്യയെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. അകലകുന്നം തവളപ്ലാക്കൽ തെക്കേകുന്നേൽ വീട്ടിൽ മഞ്ജു ജോൺ (34) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രിയിൽ അകലകുന്നം സ്വദേശിയായ രതീഷ് എന്നയാൾ സ്കൂട്ടറിൽ വീട്ടിലേക്കു വരുന്ന സമയം തവളപ്ലാക്കൽ റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് അകലകുന്നം സ്വദേശിയായ ശ്രീജിത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി കൈയിൽ കരുതിയിരുന്ന മരക്കമ്പുകൊണ്ട് രതീഷിന്റെ കൈകാലുകളും, കഴുത്തും, വാരിയെല്ലുകളും അടിച്ചൊടിക്കുകയും, ചവിട്ടി ആന്തരികാവയവങ്ങൾക്കു കേടുവരുത്തി ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ കുറവിലങ്ങാടിനു സമീപത്തുനിന്നു പോലീസ് സംഘം പിടികൂടിയിരുന്നു. രതീഷിനോടു മുൻവിരോധം നിലനിന്നിരുന്നതിനെത്തുടർന്നാണ് ഇയാൾ കൊലപാതകം നടത്തിയത്.
ശ്രീജിത്തിനെ വിശദമായി ചോദ്യം ചെയ്തതിനെത്തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ രതീഷിന്റെ ഭാര്യ മഞ്ജു ഈ കൊലപാതകത്തിൽ ശ്രീജിത്തുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി കണ്ടെത്തി.
തുടർന്നാണ്പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മഞ്ജുവും ശ്രീജിത്തുമായുള്ള ബന്ധം ഭർത്താവായ രതീഷ് മുൻപ് ചോദ്യം ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.