പന്തളം: ദന്പതികൾ കൊല്ലപ്പെട്ട കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനായി തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നല്കുമെന്ന് പന്തളം സിഐ ആർ.സുരേഷ് അറിയിച്ചു. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതി മാത്യൂസ് ജോണിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ 25നാണ്, പന്തളം തെക്കേക്കര പെരുന്പുളിക്കൽ പൊങ്ങലടി കാഞ്ഞിരവിളയിൽ കെ.എം.ജോണും ഭാര്യ ലീലാമ്മയും കൊല്ലപ്പെടുന്നത്.
11 ദിവസങ്ങൾക്ക് ശേഷം വ്യാഴാഴ്ച രാവിലെയാണ് പ്രതിയും ഇവരുടെ ഇളയ മകനുമായ മാത്യൂസ് ജോണ് കീഴടങ്ങിയത്. നിസാര കുടുംബ പ്രശ്നങ്ങളല്ലാതെ മറ്റ് പ്രകോപനമൊന്നുമില്ലെന്ന് തന്നെയാണ് ഇയാൾ പോലീസിനോട് ആവർത്തിച്ച് പറഞ്ഞത്. എന്നാൽ, കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്യുന്നതിനും ചിന്തിച്ചിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഭാര്യയെയും കുട്ടിയെയും കണ്ട ശേഷം ആത്മഹത്യ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നത്രെ. ഇതിനായി കഴിഞ്ഞ ഞായറാഴ്ച ഭാര്യവീടായ കോട്ടയം ഉളപ്പയിലെത്തിയിരുന്നു. അന്നും അടുത്ത ദിവസവും അവിടെ തങ്ങിയ ഇയാൾ ചൊവ്വാഴ്ച വീട്ടിലേക്ക് മടങ്ങാനൊരുങ്ങി. തങ്ങളും ഒപ്പം വരുന്നെന്ന് ഭാര്യ നിഷ പറഞ്ഞപ്പോൾ കാഞ്ഞിരപ്പള്ളിയിൽ പോകേണ്ടതുണ്ടെന്ന് പറഞ്ഞ് ഇയാൾ മടങ്ങുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു.
അതേ സമയം, ലീലാമ്മ സംഭവസമയത്ത് ധരിച്ചിരുന്ന ആഭരണങ്ങൾ, മൃതദേഹങ്ങൾ വീട്ടിൽ നിന്ന് പറന്പിലെത്തിക്കാനുപയോഗിച്ച ഇവരുടെ കാറിൽ നിന്ന് പോലീസ് കണ്ടെടുത്തു. മാലയും ഇരുകാതുകളിലും അണിഞ്ഞിരുന്ന കമ്മലുകളുമാണ് കാറിന്റെ ഡാഷ് ബോർഡിൽ നിന്ന് പോലീസ് കണ്ടെ ടുത്തത്. പോലീസ് ഇവ കസ്റ്റഡിയിലെടുത്തു.
ജോണിന്റെയും ലീലാമ്മയുടെയും സംസ്കാരം ഇന്നലെ നടത്തി. തട്ടയിൽ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംസ്കാരം. ഒരേ കല്ലറയിലായിരുന്നു ഇരുവരെയും അടക്കം ചെയ്തത്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാലോടെ മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും പെട്ടികൾ തുറന്നില്ല. ഇവിടെ ശുശ്രൂഷകൾക്ക് ശേഷമാണ് പള്ളിയിലെത്തിച്ചത്. നൂറുകണക്കിനാളുകൾ സംസ്കാര ചടങ്ങിനെത്തിയിരുന്നു.