പാറശാല: യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആറയൂർ പുത്തൻകുളത്തിന് സമീപം ആർകെവി ഭവനിൽ ബിനുവിന്റെ (41) മൃതദേഹമാണ് ചാക്കിൽ കെട്ടിയ നിലയിൽ ഇക്കഴിഞ്ഞ ഏപ്രിൽ 23 ന് സുഹൃത്തിന്റെ പുരയിടത്തിൽ കണ്ടെത്തിയത്.
സംഭവ ശേഷം ഒളിവിൽ പോയ സുഹൃത്ത് ആറയൂർ അലത്തറ വിളാകത്തിന് സമീപം കടമ്പാട്ടുവിളയിൽ ഷാജി, ആറയൂർ ക്ഷേത്രത്തിന് സമീപത്തെ അനിൽകുമാർ ( പല്ലൻ അനി) എന്നിവരെയാണ് സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
തമ്പാനൂർ പവർഹൗസ് റോഡിന് സമീപം മദ്യപിച്ച് ബഹളം വച്ച ഷാജിയെ തമ്പാനൂർ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.റൂറൽ എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഷാജി കുറ്റം സമ്മതിച്ചു.
മാത്രമല്ല ആറു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഷാജിയുടെ പിതാവ് കൃഷ്ണന്റെ മരണം കൊലപാതകമെന്ന് തെളിയുകയും ചെയ്തു.
സംഭവത്തെ കുറിച്ച് പോലീസ് പറഞ്ഞത്: ഷാജിയും പിതാവ് കൃഷ്ണനുമായി സ്വത്തു തർക്കം നിലനിന്നിരുന്നു. കൃഷ്ണനെ കൊല്ലാനായി സുഹൃത്തായ ബിനുവിന് ഷാജി പത്തു ലക്ഷം രൂപയ്ക്കു ക്വട്ടേഷൻ നൽകി. ഷാജിയും ബിനുവും കൃഷ്ണനെ കാറിൽകയറ്റി കൊണ്ട് പോകുകയും, ബിനു കൃഷ്ണന്റെ കഴുത്തു ഞെരിച്ചു കൊന്നു മൃതദേഹം ആറ്റിൽ തള്ളുകയായിരുന്നു. പത്തുലക്ഷം രൂപ വാക്കു പറഞ്ഞെങ്കിലും രണ്ടുലക്ഷം രൂപ മാത്രമേ ഷാജി നൽകിയുള്ളൂ.
ബാക്കിയുള്ള എട്ടുലക്ഷം രൂപയ്ക്കു വേണ്ടി ബിനു പലപ്പോഴും ഷാജിയുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. കൃഷ്ണന്റെ കൊലപാതകം അറിയാവുന്ന ബിനുവിനെ വകവരുത്തിയാൽ തെളിവ് പൂർണമായി നശിക്കുമെന്നും, എട്ടുലക്ഷം രൂപ ലാഭിക്കാമെന്നുള്ള കണക്കുകൂട്ടലിൽ ഷാജി ബിനുവിനെ കൊലപ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ഷാജിയും സംഘവും ബിനുവുമായി മദ്യപിച്ചു.
തുടർന്ന് ബിനുവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി. മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളുവാനായിരുന്നു പദ്ധതി. ഇതിനു വേണ്ടി സമീപവാസിയെ ടാങ്ക് ശുചീകരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തുകയും വീട്ടിനുള്ളിൽ രക്തക്കറക്കണ്ട ഇയാൾ വിസമ്മതിക്കുകയും ചെയ്തു. തുടർന്ന് ഷാജി ഇയാളെ മർദിച്ചു.
ഓടി രക്ഷപ്പെട്ട ഇയാൾ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പറമ്പിലെ തെങ്ങിൻ ചുവട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്.