പരിയാരം: ബക്കളം സ്വദേശി അബ്ദുൾ ഖാദറിനെ മർദിച്ചു കൊലപ്പെടുത്തിയത് നാട്ടുകൂട്ടം മോഡലിൽ. വിചാരണ നടത്തിയ ശേഷമാണ് അബ്ദുൾ ഖാദറിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. പരിയാരം പഞ്ചായത്തിലെ വായാട് റോഡരികിലാണ് മർദനമേറ്റ് അവശനിലയിലായി മരിച്ച അബ്ദുൾ ഖാദറിനെ കണ്ടത്. വധക്കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് നടന്നേക്കും. ഇതിനിടെ അബ്ദുൾഖാദർ വധക്കേസിൽ പോലീസ് അഡ്ജസ്റ്റുമെന്റുകൾക്ക് വഴങ്ങിയതായ ആരോപണം ശക്തമാകുന്നു. യഥാർഥ പ്രതികൾ ഇപ്പോഴും പുറത്താണെന്നും അവരുടെ അറസ്റ്റ് ഒഴിവാക്കാൻ വിവിധ കേന്ദ്രങ്ങളിൽ നിന്നും സമ്മർദ്ദം നടക്കുന്നുണ്ടെന്നുമുള്ള സൂചനകൾ പുറത്തുവന്നിട്ടുണ്ട്.
നിലവിൽ അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചുപേർ കേസിൽ പ്രതികളാണെങ്കിലും പത്തിലേറെ പ്രധാനപ്രതികൾ പുറത്താണെന്നാണ് ഇത് സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തളിപ്പറന്പിലെ ഒരു അഭിഭാഷകൻ സംഭവത്തിൽ ഇടപെട്ടതായും സൂചനയുണ്ട്. പ്രതികൾ ഉപയോഗിച്ച അരിപ്പാന്പ്ര സ്വദേശിയുടെ സ്വിഫ്റ്റ് കാർ പോലീസ് കസ്റ്റഡിയിലെടുത്തുവെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ സ്റ്റേഷനിൽ എത്തിച്ചിട്ടില്ല. മാത്രമല്ല ഇതിന് പകരം വയ്ക്കാൻ പഴയൊരു മാരുതി എണ്ണൂറ് കാർ വാങ്ങിയതായും വിവരങ്ങൾ പുറത്തായിട്ടുണ്ട്. വായാട്ടെ മൂന്നുപേരാണ് കോരൻപീടിക, നടുവിൽ, തളിപ്പറന്പ് സ്വദേശികൾ അടങ്ങുന്ന ക്വട്ടേഷൻ സംഘത്തിന് അബ്ദുൾ ഖാദറിന്റെ കൈയും കാലും തല്ലിയൊടിക്കാൻ അഞ്ചുലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് വിവരം.
വീട്ടിൽ ഉറങ്ങിക്കിടക്കുന്ന ഒരാളെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പോലീസാണെന്ന വ്യാജേന ബലമായി തട്ടിക്കൊണ്ടുപോയി അടിച്ചുകൊന്ന ഭീകരസംഭവത്തിന്റെ യാഥാർഥ്യം ഉൾക്കൊണ്ട് പോലീസ് പ്രവർത്തിക്കണമെന്നും കേസിലെ പ്രതികളെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അബ്ദുൾ ഖാദറിനെ മറ്റൊരു വാഹനത്തിലാണ് കാരക്കുണ്ടിലേക്ക് കൊണ്ടുപോയത് എന്ന് വ്യക്തമായിട്ടും പോലീസിന്റെ അന്വേഷണം ആ വഴിക്ക് നീങ്ങിയിട്ടില്ല. നല്ല ആരോഗ്യവാനായ ഖാദറിനെ സ്വിഫറ്റ്് കാറിൽ കൊണ്ടുപോകാനാവില്ലെന്ന് അറിയാമായിരുന്നിട്ടും കേസിലെ മറ്റ് പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗകൈയും കാലും തല്ലിയൊടിക്കാൻ മാത്രം ക്വട്ടേഷൻ നൽകിയെങ്കിലും മർദ്ദനത്തിൽ ഖാദർ മരണപ്പെട്ടതോടെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു.
തുടർന്നാണ് തളിപ്പറന്പിലെ അഭിഭാഷകനെ ഇടനിലക്കാരനാക്കിയത്. പ്രതികളെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കരുതെന്നും ധാരണയുണ്ടായിരുന്നതായി അറിയുന്നു. റിമാൻഡിൽ കഴിയുന്ന അഞ്ച് പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തിയശേഷം കേസിൽ കൂടുതൽ അറസ്റ്റ് നടക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. അബ്ദുൾ ഖാദറിന്റെ ഭാര്യയെ ഇന്നു പോലീസ് ചോദ്യം ചെയ്യും.