കിഴക്കമ്പലം: പട്ടിമറ്റം അത്താണിയിലെ വാടകവീട്ടിൽ ഇതരസംസ്ഥാനക്കാരിയായ യുവതിയെ കൊലചെയ്യപ്പെട്ടനിലയിൽ കണ്ടെത്തി. ആസാം സ്വദേശിനി ഇലിയ കാത്തും (37) ആണു മരിച്ചത്. കിടപ്പുമുറിയിൽ കഴുത്തിൽ തോർത്തു മുറുക്കിയനിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്.
ഒപ്പം താമസിച്ചുവന്ന ആസാം സ്വദേശിയായ ഭർത്താവ് മിജാറുൾ ഹക്കിനെ (28) രണ്ടുദിവസമായി കാണാനില്ലെന്നും ഇയാളാണു കൊല നടത്തിയതെന്നാണു പ്രാഥമിക നിഗമനമെന്നും കുന്നത്തുനാട് പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഇയാൾ വീടുപൂട്ടി താക്കോൽ കെട്ടിടമുടമയെ ഏൽപിച്ചശേഷം നാട്ടിലേക്കു പോയതായാണു വിവരം. മിജാറുളിന്റെ രണ്ടു മൊബൈൽ ഫോണുകളും നിലവിൽ സ്വിച്ച് ഓഫാണ്. സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
ഇന്നലെ വീടിനുള്ളിൽനിന്നു രൂക്ഷഗന്ധം വമിച്ചതോടെ അയൽക്കാർ പോലീസിൽ വിവരമറിയിക്കുകയും പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. നാലു മാസങ്ങൾക്കു മുമ്പാണ് ഇലിയയും ഭർത്താവും പട്ടിമറ്റത്തെ അത്താണിയിൽ വാടകയ്ക്കു താമസിക്കാൻ തുടങ്ങിയത്. ഇരുവർക്കും ഇവിടുത്തെ സ്വകാര്യകമ്പനിയിലായിരുന്നു ജോലി.
ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ യുവാവുമായി ഇലിയയ്ക്കു രഹസ്യബന്ധമുള്ളതായി മിജാറുളിനു സംശയമുണ്ടായിരുന്നെന്നും ഇതേച്ചൊല്ലി വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും അയൽക്കാർ പോലീസിനു മൊഴിനൽകി. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. ആസാം എസ്പിയുമായി ബന്ധപ്പെട്ട് ഇലിയയുടെ ബന്ധുക്കളെ കണ്ടെത്തി മൃതദേഹം കൈമാറും.
കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസ്, എസ്ഐ ടി. ദിലീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനു പുറമെ ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.