പയ്യന്നൂര്‍: ഹോട്ടല്‍ തൊഴിലാളിയായ മാതമംഗലം കോയിപ്രയിലെ കെ.സി. ശ്രീധരന്റെ (53)കൊലപാതകത്തിന് പിന്നിലെ പ്രതിയെ പിടികൂടാന്‍ സഹായിച്ചത് പ്രതിയുടെ കയ്യിലുണ്ടായിരുന്ന പത്രക്കടലാസ്. ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് രാമന്തളി കക്കമ്പാറയിലെ ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രക്കടലാസാണ് ശ്രീധരന് വധത്തിലെ പ്രതിയായ കക്കമ്പാറയിലെ നടവളപ്പില്‍ വിപിന്‍ ചന്ദ്രനെ കുടുക്കിയത്.
കഞ്ചാവ് ലഹരിയില്‍ വാക്കേറ്റമുണ്ടാക്കിയതിനെ തുടര്‍ന്ന് മുണ്ടക്കയം എസ്ഐ അനൂപ് ജോസാണ് വിപിന്‍ ചന്ദ്രനെ റാന്നിയില്വച്ച് കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് പയ്യന്നൂര്‍ രാമന്തളിയിലെ ബിജുവധവുമായി ബന്ധപ്പെട്ട വാര്‍ത്തയടങ്ങുന്ന കടലാസ് കഷ്ണവും 20,000 രൂപയും കണ്ടെടുത്തത്. ഈ വാര്‍ത്ത കണ്ട് മുണ്ടക്കയം പോലീസ് പയ്യന്നൂര്‍ പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രീധരന് വധക്കേസില്‍ പയ്യന്നൂര്‍ പോലീസ് തേടിക്കൊണ്ടിരിക്കുന്ന പ്രതിയാണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായതെന്ന് പയ്യന്നൂര്‍ പോലീസിന് മനസിലായത്. ഇതിനെ തുടര്‍ന്ന് മുണ്ടക്കയത്തെത്തിയുള്ള പയ്യന്നൂര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കൊലപാതക കുറ്റം സമ്മതിക്കുകയായിരുന്നു.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറിയില്‍നിന്നും മോഷ്ടിച്ചെടുത്ത യാത്രക്കാരിയുടെ ബാഗിലുണ്ടായിരുന്ന പണത്തില്‍ അവശേഷിച്ചിരുന്നതാണ് 20,000 രൂപ എന്ന് പ്രതി സമ്മതിച്ചതിനാല്‍ ഈ പണം പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇന്നലെ പ്രതിയേയും കൂട്ടിയുള്ള പയ്യന്നൂര്‍ പോലീസിന്റെ തെളിവെടുപ്പില്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ശ്രീധരന് കിടന്നുറങ്ങിയിരുന്ന ബെഞ്ച് കാണിച്ചുകൊടുക്കുകയും ഇയാളുടെ പോക്കറ്റില്‍ പണമുണ്ടോയെന്ന് പരിശോധിക്കുന്നതിനിടയില്‍ ഉണര്‍ന്ന ശ്രീധരനെ കയ്യിലുണ്ടായിരുന്ന ഇരുമ്പു ദണ്ഡ്കൊണ്ട് അടിച്ചുകൊന്ന കാര്യവും പ്രതി പോലീസിനോട് വിവരിച്ചു.
ഇതിനു ശേഷമെടുത്ത ശ്രീധരന്റെ ബാഗില്‍ പണമില്ലാതിരുന്നതിനാല്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതും ഇതിനു ശേഷം വിശ്രമമുറിയില്നിന്നും യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചതും ഇതിലെ പണമെടുത്തശേഷം ഉപയോഗശൂന്യമായ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ ഉപേക്ഷിച്ചതും ഇയാള്‍ പോലീസിനോട് വിവരിച്ചു. ഇയാള്‍ കാണിച്ചുകൊടുത്ത സ്ഥലങ്ങളില്‍നിന്നെല്ലാം തെളിവുകളും പോലീസിന് ലഭിച്ചു. പയ്യന്നൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ മംഗലാപുരം, കമ്പം, തേനി, മുണ്ടക്കയം, ഇപ്പോള്‍ ഇയാള്‍ താമസിക്കുന്ന റാന്നി എന്നിവിടങ്ങളിൽ പ്രതിയെ ഉപയോഗിച്ചുള്ള തെളിവെടുപ്പ് നടത്തും.
കൊലപാതകമെന്ന ബോധ്യമുണ്ടാക്കിയത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പയ്യന്നൂര്‍: അബദ്ധത്തില്‍ കാല്‍തെറ്റി വീണതാകാമെന്നും വീഴ്ചയില്‍ റെയില്‍പാളത്തില്‍ തലയിടിച്ചതാകാം മരണകാരണമെന്നുമുള്ള പോലീസിന്റെ പ്രാഥമിക നിഗമനങ്ങളില്‍നിന്ന് ശ്രീധരന്റെ മരണം കൊലപാതകമാണെന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടിയത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്ജന് ഗോപാലകൃഷ്ണപിള്ള തയാറാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് ശ്രീധരന്റെ മരണം കൊലപാതകമെന്ന് ബോധ്യം അന്വേഷണ ഉദ്യോഗസ്ഥരില്‍ ഉണ്ടാക്കിയത്.
ഹോട്ടല്‍ തൊഴിലാളി മാതമംഗലം കോയിപ്രയിലെ കെ.സി.ശ്രീധരന്റെ (53) മൃതദേഹം മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമിന് താഴെയുള്ള റെയില്‍വേ ട്രാക്കില്‍ കാണപ്പെട്ടതോടെയാണ് പ്ലാറ്റ്ഫോമില്‍നിന്നും അബദ്ധത്തില്‍ താഴേക്ക് വീണതാകാം മരണകാരണമെന്ന നിഗമനം മൃതദേഹം കണ്ടവരിലെല്ലാമുണ്ടാക്കിയത്. സാഹചര്യവും സാധ്യതകളും ഈ സംശയത്തിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ പോലീസിന്റെയും പ്രഥമിക നിഗമനം ഇതുതന്നെയായി.ശ്രീധരന്റെ കൈവശമുണ്ടാകാറുള്ള ബാഗ് സമീപത്തൊന്നും കണ്ടില്ല എന്നത് മാത്രമാണ് സംശയകരമായി അവശേഷിച്ചത്. പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ശ്രീധരന്റെ മരണകാരണം തലയിലേറ്റ അടിയാണ് എന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടിയത്.
പരിചയ സമ്പന്നതകൊണ്ട് കേരളത്തിലെ പിഴവുകളില്ലാത്ത പോലീസ് സര്‍ജനായി അറിയപ്പെടുന്ന പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്ജന് ഗോപാലകൃഷ്ണപിള്ളയാണ് ശ്രീധരന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് കൃത്യതയോടെയുള്ള റിപ്പോര്‍ട്ട് നല്‍കിയത്. ഇദ്ദേഹത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടാണ് ശ്രീധരന് വധത്തിലെ ദിശാസൂചികയായത്. ഒരുപക്ഷേ അബദ്ധത്തില്‍ സംഭവിച്ച മരണമെന്ന് എഴുതി തള്ളുമായിരുന്ന സംഭവം കൊലപാതകമെന്ന് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചതും ഇദ്ദേഹത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടാണ്.