വർക്കല: പതിനാറു വയസുകാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെണ്‍കുട്ടി ലൈംഗികമായ പീഡനത്തിനു ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നു പേർ പോലീസ് പിടിയിലായി.
പെണ്‍കുട്ടിയുമായി സ്നേഹിതനായിരുന്ന 17 കാരനും ഇയാളുടെ സുഹൃത്തായ ഇഞ്ചിയിൽ കോണം കോളനിയിൽ ബുദ്ധപൗർണമി വീട്ടിൽ അരുണ്‍ബാബു (കണ്ണൻ – 18), ഇഞ്ചിയിൽകോണം ചരുവിള വീട്ടിൽ സാബു (25) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മൂവരും ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയിരുന്നതെന്നു പോലീസ് പറയുന്നു.
തുടർന്നുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചതെന്നു പോലീസ് പറയുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതികളെ വർക്കല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ഒന്നും രണ്ടും പ്രതികളെ റിമാൻഡ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത കുട്ടിയെ ജൂവനൈൻ ഹോമിലേക്ക് അയയ്ക്കുകയും ചെയ്തു.
വർക്കല പോലീസ് ഇൻസ്പെക്ടർ പി.വി. രമേഷ്കുമാറിന്റെ നേതൃത്വത്തിൽ അയിരൂർ എസ്ഐ കെ. ഷിജി, അഡീഷണൽ എസ്ഐ ഉണ്ണി, ജിഎസ്ഐ ശശിധരൻ, ജിഎഎസ്ഐ തുളസീധരൻ, സിപിഒമാരായ ഷിബു, ശ്രീകുമാർ, രാജീവ്, സിബി, വിനു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.