പെരുമ്പാവൂർ: പെരുമ്പാവൂരിൽ ആസാം സ്വദേശിനിയായ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശിനിയായ ഖാലിദാ ഖാത്തൂൻ(35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഫക്രുദ്ദീനെ പോലീസ് തിരയുന്നു.
ഇയാൾ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. കണ്ടന്തറ മൂത്തേടൻ ലത്തീഫീന്റെ വീട്ടിലാണ് ആസാമിൽനിന്നുള്ള കുടുംബം വാടകയ്ക്ക് താമസച്ചിരുന്നത്. ഇന്നലെ രാത്രി എട്ടിനും നും ഒൻപതിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കരുതുന്നത്.
കത്തി കണ്ടെത്തിയത്…
ജോലിക്കു പോയ മകൻ രാത്രി പത്തോടെ തിരിച്ചത്തിയപ്പോഴാണ് ഖാലിദയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നത്.
വെട്ടാനുപയോഗിച്ച കത്തി കൊലപാതകം നടന്ന മുറിയിൽനിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഖാലിദയും ഫക്രുദ്ദീനും കഴിഞ്ഞ നാലു വർഷമായി ഒന്നിച്ച് താമസിച്ചു വരികയായിരുന്നു.
ഇതിനിടെ നാട്ടിൽ പോയ ഖാലിദ ഒരാഴ്ച മുമ്പാണ് തിരികെയെത്തിയത്. വന്നതിനു ശേഷം ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ പതിവായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു.
ഇരുവരും പ്ലൈവുഡ് ഫാക്ടറി ജീവനക്കാരാണ്. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം പോലീസ് ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം പോലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തും.